കണ്ണൂർ: തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് യാത്രക്കാരും റെയിൽവേ ജോലിക്കാരും ബൈക്ക് നിർത്തിയിടുന്നത് പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ നിർത്തിയിടുന്ന ബൈക്കുകൾ മോഷ്ടിക്കുന്ന പ്രത്യേക സംഘം തലശ്ശേരിയിൽ വിലസുകയാണ്. കഴിഞ്ഞദിവസം തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷണം പോയത് റെയിൽവേ ജീവനക്കാരനായ കൊളശ്ശേരി സ്വദേശി പ്രജീഷിന്റെ ബൈക്കാണ്.

റെയിൽവേ ജീവനക്കാർക്ക് മാത്രമായി ഇവിടെ പ്രത്യേക പാർക്കിങ് സ്ഥലമുണ്ട്. അവിടെ നിർത്തിയിട്ട് വാഹനമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഡ്യൂട്ടി കഴിഞ്ഞ് കഴിഞ്ഞദിവസം ബൈക്ക് നിർത്തിയിട്ട സ്ഥലത്തേക്ക് പോയപ്പോൾ ബൈക്കിന്റെ അഡ്രസ്സ് പോലുമില്ല. ശേഷം പ്രജീഷ് പൊലീസിൽ പരാതി നൽകി.

തലശ്ശേരി കോപ്പാലം പരിസരത്ത് വെച്ച് ബൈക്കിന്റെ നമ്പർ പ്ലേറ്റ് അടക്കം ഊരി മാറ്റിയ രീതിയിൽ ബൈക്ക് ഒരാൾ വിൽക്കാൻ ശ്രമിച്ചു. അപ്പോഴാണ് നാട്ടുകാർ ഇത് ശ്രദ്ധിച്ചത്. തുടർന്ന് നാട്ടുകാർ തന്നെ ഇയാളെ പിടിച്ചു പൊലീസിൽ ഏൽപ്പിച്ചു. ബൈക്ക് 2000 രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബൈക്കുകൾ കാണാതാവുന്നതും മോഷണം പോകുന്നതും സ്ഥിരം സംഭവമാണ്. കൃത്യമായ ഒരു നടപടി ഇതുവരെ ഇതിനെതിരെ ഉണ്ടായിരുന്നില്ല. പേ പാർക്കിങ് കോൺട്രാക്ടർമാരാകട്ടെ പണം വാങ്ങിച്ച് ബൈക്ക് പാർക്ക് ചെയ്യാൻ അനുവദിക്കുന്നു എന്നല്ലാതെ ബൈക്കിനു മുകളിൽ കൃത്യമായ ശ്രദ്ധ ചെലുത്തുന്നില്ല എന്ന പരാതിയും സജീവമായിട്ടുണ്ട്.

തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള പാർക്കിങ് സ്ഥലത്ത് സിസിടിവി സജ്ജമാക്കി കൃത്യമായ നിരീക്ഷണം ഇനിമുതൽ നടത്തും എന്ന് ആർപിഎഫ് എസ് ഐ വിനോദ് അറിയിച്ചു. കഴിഞ്ഞദിവസം കസ്റ്റഡിയിൽ ആയ ആളെ ചോദ്യം ചെയ്തതിനുശേഷം ഇതിനു മുൻപ് നടന്ന മോഷണങ്ങൾക്ക് പിന്നിലും ഇയാൾ ആണോ എന്ന് കണ്ടെത്താനാണ് പൊലീസ് നീക്കം.