- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ നിർമ്മിത ആളില്ലാ യുദ്ധവിമാനം വിജയകരമായി പറപ്പിച്ച് ഡി.ആർ.ഡി.ഒ.; പ്രതിരോധ സാങ്കേതികവിദ്യകളിൽ സ്വാശ്രയത്വം നേടാനുള്ള സുപ്രധാന ചുവടുവയ്പ്
ബെംഗളുരു: ഇന്ത്യൻ നിർമ്മിത ആളില്ലാ യുദ്ധവിമാനം വിജയകരമായി പറപ്പിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ. വിമാനത്തിന്റെ ടേക്ക് ഓഫും നാവിഗേഷനും ലാൻഡിങും സുഗമമായിരുന്നിവെന്ന് ഡി.ആർ.ഡി.ഒ. പ്രസ്താവനയിൽ പറഞ്ഞു. വെള്ളിയാഴ്ച കർണാടകയിലെ ചിത്രദുർഗയിലുള്ള എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് ഓട്ടോണമസ് ഫ്ളൈയിങ് വിങ് ടെക്നോളജി ഡെമോസ്ട്രേറ്റർ ആദ്യമായി പറത്തിയത്.
ഭാവിയിൽ ആളില്ലാ വിമാനങ്ങളുടെ വികസനത്തിനായുള്ള നിർണായക സാങ്കേതികവിദ്യകളുടെ ശേഷി തെളിയിക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലാണിതെന്നും തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യകളിൽ സ്വാശ്രയത്വം നേടാനുള്ള സുപ്രധാന ചുവടുവെപ്പാണെന്നും ഡിആർഡിഒ പറഞ്ഞു.
ബെംഗളുരു ആസ്ഥാനമായി ഡി.ആർ.ഡി.ഒയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ ലബോറട്ടറിയായ എയറോനോട്ടിക്കൽ ഡെവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്മെന്റാണ് (എ.ഡി.ഇ.) ഈ ആളില്ലാ യുദ്ധവിമാനം രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്തത്. വിമാനത്തിന്റെ എയർഫ്രെയിം, അണ്ടർ കാര്യേജ്, ഫ്ളൈറ്റ് കൺട്രോളുകൾ, ഏവിയോണിക് സംവിധാനം എന്നിവയെല്ലാം തദ്ദേശീയമായി തയ്യാറാക്കിയതാണ്.
ആദ്യ പറക്കൽ വിജയമായതിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദനങ്ങൾ അറിയിച്ചു. ആളില്ലാ വിമാനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഡി.ആർ.ഡി.ഒ. ചെയർമാനും പ്രതിരോധ വകുപ്പ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെക്രട്ടറിയുമായ ഡോ. ജി. സതീഷ് റെഡ്ഡി പ്രശംസിച്ചു.




