ദുബൈ: ഒത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാനുള്ള പുതിയ പദ്ധതിക്ക് ജൂലൈ ഒന്ന് വെള്ളിയാഴ്ച തുടക്കം കുറിച്ചതായി യൂണിയൻ കോപ് അറിയിച്ചു. പ്രകൃതിയുടെ സുസ്ഥിരത സംരക്ഷിക്കാനും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ട് ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രഖ്യാപിച്ച നിർദേശങ്ങൾക്ക് അനുസൃതമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

പതുക്കെപ്പതുക്കെ സുസ്ഥിരമായ ഒരു ചുറ്റുപാട് സൃഷ്ടിച്ചെടുക്കാനുള്ള യുഎഇ ഭരണ നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുകയും അതിലേക്ക് തങ്ങളുടേതായ സംഭാവനകൾ നൽകുകയുമാണ് യൂണിയൻ കോപ് ചെയ്യുന്നതെന്ന് യൂണിയൻകോപ് ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാനുള്ള തീരുമാനം ഇന്ന് നടപ്പാക്കി തുടങ്ങുമ്പോൾ അത് ജനങ്ങളടെ പെരുമാറ്റ രീതികളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുകയും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം കുറയ്ക്കാൻ സഹായകമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം, പരിസ്ഥിതി സൗഹൃദമായ തുണി ബാഗുകൾ കറഞ്ഞ വിലയ്ക്ക് എല്ലാവർക്കും ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള നിരവധി ബദൽ മാർഗങ്ങൾ യൂണിയൻ കോപ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തുണി ബാഗുകൾ പല തവണ സാധനങ്ങൾ വാങ്ങാനായി ഉപയോഗിക്കാം. ഇവയിൽ മിക്കതും വൃത്തിയാക്കാനും കഴുകാനും പുനരുപയോഗിക്കാനും കഴിയുന്ന വസ്തുക്കൾ കൊണ്ട് നിർമ്മിച്ചവയുമാണ്.

യൂണിയൻകോപ് നൽകുന്ന തുണി ബാഗുകൾ നിരവധി തവണ ഉപയോഗിക്കാൻ കഴിയുന്നവയാണ്. ഇത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് മുതൽ 3.26 ദിർഹത്തിന് തുണി ബാഗുകൾ നൽകിത്തുടങ്ങും. ഇതോടൊപ്പം 12 പേപ്പർ ബാഗുകൾ 21 ദിർഹത്തിനും റീസൈക്കിൾഡ് പ്ലാസ്റ്റിക് ബാഗുകൾ 25 ഫിൽസിനും ലഭ്യമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സുസ്ഥിരമായ ചുറ്റുപാടിനെ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ഈ മഹത്തായ ഉദ്യമത്തിന്റെ വിജയവും തുടർച്ചയും ഉറപ്പാക്കാനായി യൂണിയൻകോപ് എല്ലാ വിധത്തിലും പരിശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.