ഒക്കലഹോമ: ഒക്കലഹോമ ഗവർണർ പ്രൈമറി തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയിൽ നിന്നും മത്സരിച്ച ഒക്കലഹോമ പബ്ലിക്ക് എഡുക്കേഷൻ സൂപ്രണ്ട് ജോയ് ഹോപ്മിസ്റ്റർക്ക് തിളക്കമാർന്ന വിജയം.തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് റിപ്പബ്ലിക്കൻ പാർട്ടി വിട്ടു ഡമോക്രാറ്റിക് പാർട്ടിയിൽ ഇവർ ചേർന്നത്.

ഹോപ്മിസ്റ്ററുടെ എതിരാളിയും, ദീർഘകാല പ്രോഗ്രസ്സീവ് ആക്റ്റിവിസ്റ്റുമായ കോന്നി ജോൺസനെ പോൾ ചെയ്ത വോട്ടുകളിൽ 60 ശതമാനവും നേടിയാണ് പരാജയപ്പെടുത്തിയത്.

നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ നിലവിലുള്ള ഗവർണ്ണർ (റിപ്പബ്ലിക്കൻ) കെവിൻ സ്റ്റിറ്റിനെയാണ് ഹോപ്മിസ്റ്റർ നേരിടുക.

റിപ്പബ്ലിക്കൻ പ്രൈമറിയിൽ കെവിൻ സ്റ്റിറ്റ് ഒക്കലഹോമ ഡിപ്പാർട്ട്‌മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോയൽ കിന്റസ്റ്റൽ ഉൾപ്പെടെ മൂന്നുപേരെ അനായാസം പരാജയപ്പെടുത്തിയാണ് വിജയിച്ചത്.

ഒക്കലഹോമയിലെ രണ്ടു ശക്തരായ നേതാക്കളാണ് നവംബറിൽ ഗവർണ്ണർ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും അവസാന നിമിഷം കാലുമാറി ഡമോക്രാറ്റിക് പാർട്ടിയുടെ ഗവർണ്ണർ സ്ഥാനാർത്ഥിയായ ഹോപ്മിസ്റ്റർ നിലവിലുള്ള ഗവർണ്ണർ കെവിൻ സ്റ്റിറ്റിന് ഭീഷിണിയുയർത്തുമോ എ്ന്ന് അറിയണമെങ്കിൽ വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടിവരും.