വാഷിങ്ടൺ ഡി.സി : 2022 ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ യുക്രെയ്ൻ അധിനിവേശം നാല് മാസത്തിലധികം പിന്നിട്ടിട്ടും തുടരുന്ന സാഹചര്യത്തിൽ യുക്രെയ്ൻ സൈന്യത്തിന് പ്രതിരോധിക്കുന്നതിനും റഷ്യൻ സൈന്യത്തെ തുരത്തുന്നതിനും ആവശ്യമായ കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് നാറ്റോ സമ്മിറ്റിന്റെ അവസാന ദിവസമായ വ്യാഴാഴ്ച അമേരിക്കൻ പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചു .

800 മില്യൺ ഡോളറിന്റെ സെക്യൂരിറ്റി അസിസ്റ്റൻസാണ് ബൈഡൻ യുക്രെയ്‌ന് നൽകുക . എയർഡിഫൻസ് സിസ്റ്റം , കൗണ്ടർ ബാറ്ററി റഡാർ , ആർട്ടിലറി റോക്കറ്റ് എന്നീ അത്യാധുനിക ഉപകരണങ്ങൾ ഇതിൽ ഉൾപ്പെടും ഇതിന്റെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു .

കഴിഞ്ഞ മാസം യു.എസ് കോൺഗ്രസ് പാസാക്കി ബൈഡൻ ഒപ്പു വച്ച 40 ബില്യൺ ഡോളറിന്റെ ഭാഗമായാണ് 800 മില്യൺ ഇപ്പോൾ നൽകുന്നത്. യുക്രെയ്‌ന് അമേരിക്ക ഇതിനകം നൽകിയ പതിനാലാമത് പാക്കേജാണിത്.

യുക്രെയ്ൻ - റഷ്യ യുദ്ധം തുടരുന്നതിനാൽ അമേരിക്കൻ നികുതിദായകർ ഗ്യാസിന് അധിക വില നൽകേണ്ടി വരുമെങ്കിലും യുക്രെയ്‌നെ പരാജയപ്പെടുത്തുന്നതിനോ യുക്രെയ്‌ന് പുറത്തേക്ക് കടക്കുന്നതിനോ റഷ്യൻ സൈന്യത്തിന് ആകില്ലെന്നും ബൈഡൻ പറഞ്ഞു .

അമേരിക്കയിൽ കുതിച്ചുയർന്ന ഗ്യാസ് വില നിയന്ത്രിക്കുന്നതിന് അടുത്ത മാസം സൗദി അറേബ്യ സന്ദർശിക്കുമ്പോൾ കൂടുതൽ ഗ്യാസ് വിട്ടു നൽകുവാൻ ആവശ്യപ്പെടുമെന്നും ബൈഡൻ പറഞ്ഞു .