ശ്രീനഗർ: അമർനാഥ് തീർത്ഥയാത്രാ സംഘത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് ഭീകരരെ പ്രദേശവാസികളുടെ സഹായത്തോടെ ജമ്മുവിലെ റിയാസിയിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്തു. താലിബ് ഹുസൈൻ, ഫൈസൽ അഹമ്മദ് ധർ എന്നിങ്ങനെയാണ് പിടിയിലായവരുടെ പേരുകൾ. ഇവരിൽ നിന്ന് രണ്ട് തോക്കുകളും പിസ്റ്റളുകളും ഗ്രനേഡുകളും വെടിമരുന്നുകളും കണ്ടെടുത്തിട്ടുണ്ട്.

ലഷ്‌കർ-ഇ-ത്വയ്ബയുമായി ചേർന്ന് ഭീകരപ്രവർത്തനം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു. രജൗരിയിലേയും തെക്കൻ കശ്മീരിലേയും നിരവധി തീവ്രവാദ കേസുകളിൽ പൊലീസ് അന്വേഷിച്ചുനടക്കുന്ന കുറ്റവാളികൾ കൂടിയാണ് പിടിയിലായവർ. ഓൺലൈൻ വാർത്താപോർട്ടൽ നടത്തുന്ന താലിബ് ഹുസൈന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിരവധി ബിജെപി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

സുരക്ഷാസേന ഇവർക്കായുള്ള തിരച്ചിൽ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. രക്ഷപ്പെടാനായി തുക്സോൺ ധാക് മേഖലയിൽ ഒളിച്ച ഇവരെ പ്രദേശവാസികൾ തിരിച്ചറിഞ്ഞു. നാട്ടുകാരാണ് ഇവരെ പിടികൂടിയതും പൊലീസിനേയും സൈന്യത്തേയും അറിയിച്ചതെന്നും ജമ്മു കശ്മീർ പൊലീസ് എഡിജിപി മുകേഷ് സിങ് പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തുന്നവർക്കായി പൊലീസ് നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം രജൗരിയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകർ പിടിയിലായ താലിബ് ഹുസൈൻ ആണ്. അമർനാഥ് യാത്രസംഘത്തിന് നേരെ ആക്രമണം പദ്ധതിയിട്ടതിന് പിന്നിലും താലിബ് ഹുസൈൻ ആണെന്നാണ് പൊലീസ് പറയുന്നത്.