ശ്രീനഗർ: ജമ്മു കശ്മീരിൽ ശക്തമായ മണ്ണിടിച്ചിലിൽ പാലങ്ങൾ തകർന്ന് അമർനാഥ് തീർത്ഥാടകരുടെ യാത്ര മുടങ്ങിയെങ്കിലും സൈന്യത്തിന്റെ ഇടപെടൽ ഫലം കണ്ടു. കശ്മീരിലെ ബാൽത്താലിൽ തകർന്ന പാലങ്ങൾ ഒറ്റരാത്രി കൊണ്ട് സൈന്യം പുനർനിർമ്മിച്ചു. വെള്ളി, ശനി ദിവസങ്ങളിലായിട്ടായിരുന്നു ബാൽത്താലിൽ രണ്ട് പാലങ്ങൾ തകർന്നത്.

ഇന്ത്യൻ സൈന്യത്തിന്റെ ചിന്നാർ സേനയാണ് രാത്രി മുഴുവൻ പ്രവർത്തിച്ച് തകർന്ന പാലങ്ങൾ ഉപയോഗയോഗ്യമാക്കിയത്. അന്തരീക്ഷ ഊഷ്മാവിൽ പെട്ടെന്നുണ്ടായ വർധന മൂലം മഞ്ഞുരുകിയതാണ് പ്രദേശത്ത് മണ്ണിടിച്ചിലിനു കാരണമായതെന്നാണ് റിപ്പോർട്ട്.

അനന്ത്‌നാഗിലെ മലനിരകളിൽ 3,888 മീറ്റർ ഉയരത്തിലാണ് അമർനാഥ് ഗുഹാക്ഷേത്രം. ജൂൺ 30 മുതലാണ് തീർത്ഥാടനം ആരംഭിച്ചത്. മലവെള്ളപ്പാച്ചിലിൽ പാലം തകരുന്നതിന്റെ ദൃശ്യങ്ങളും ശേഷം സൈന്യം സാധനസാമഗ്രികൾ എത്തിച്ച് പുതിയ പാലം പണിയുന്നതിന്റെ ദൃശ്യങ്ങളും സേന പുറത്തുവിട്ടിരുന്നു.