കൊച്ചി: വയനാട് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ഹോട്ടലിൽ വച്ച് വയോധികയെ ചേർത്തുനിർത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. കോൺഗ്രസിന്റെ ഔദ്യോഗിക പേജിലാണ് ഈ വീഡിയോ പങ്കുവച്ചത്. രാജ്യത്തിന് വേണ്ടി നിസ്വാർഥമായി പ്രവർത്തിക്കുന്ന യഥാർഥ നേതാവിന് ലഭിക്കുന്ന ശുദ്ധമായ സ്നേഹമാണിത് എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചത്.

കെസി വേണുഗോപാലിനൊപ്പം ഹോട്ടലിൽ ഇരുന്ന് ചായകുടിക്കുന്നതിനിടെയാണ് വയോധികയെത്തിയത്. വയോധികയ്ക്ക് രാഹുൽ സ്നാക്സ് കൊടുക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് രാഹുലിനെ ചേർത്തുപിടിക്കുന്നതും കാണാം.

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടർ തട്ടി പരിക്കേറ്റയാളെ രാഹുൽ ഗാന്ധി ആശുപത്രിയിലെത്തിച്ചിരുന്നു. വടപുറം സ്വദേശി മൂർക്കത്ത് അബൂബക്കറിനയാണ് ആശുപത്രിയിലെത്തിച്ചത്. വണ്ടൂരിലെ പരിപാടി കഴിഞ്ഞ് മമ്പാട് ടാണയിലെ ടീക്ക് ടൗണിലേക്ക് മടങ്ങുകയായിരുന്നു രാഹുൽ ഗാന്ധി.

അപകടത്തെത്തുടർന്ന് ഗതാഗത തടസ്സമുണ്ടായി. വാഹനത്തിൽനിന്നിറങ്ങി കാര്യം തിരക്കിയ രാഹുൽ ഗാന്ധി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർക്കും സഹപ്രവർത്തകർക്കുമൊപ്പം ചേർന്നു.

അതേ സമയം രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണു തീരുമാനം. ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല നൽകാനും യോഗം തീരുമാനിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന 200 എസ്എഫ്‌ഐക്കാർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. മൂന്നു പെൺകുട്ടികൾ ഉൾപ്പെടെയുള്ള എസ്എഫ്‌ഐ പ്രവർത്തകർ റിമാൻഡിലാണ്.