ഹൈദരാബാദ്: ഹൈദരാബാദിനെ 'ഭാഗ്യനഗർ' എന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കരുത്ത് വർധിപ്പിക്കുക ലക്ഷ്യമിട്ട് ഹൈദരാബാദിൽ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തോട് അനുബന്ധിച്ചു നടന്ന റാലിയിലാണ് മോദിയുടെ പരാമർശം.

ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കണമെന്ന് കഴിഞ്ഞ വർഷം ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. ആർഎസ്എസ് ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ല. ഇതിനിടെയാണ് പ്രധാനമന്ത്രി തന്നെ അത്തരത്തിൽ വിശേഷിപ്പിച്ച് രംഗത്തെത്തയിരിക്കുന്നത്.

തെലങ്കാനയിൽ പ്രധാനമായും കണ്ണുവയ്ക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മോദിയുടെ വാക്കുകൾ. ബിജെപി അധികാരത്തിൽ വന്നാൽ ഹൈദരാബാദിനെ ഭാഗ്യ നഗർ ആക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സർദാർ വല്ലഭായി പട്ടേൽ ഏക ഇന്ത്യ എന്ന ആശയത്തിന് അടിത്തറയിട്ടെന്നും അതു മുന്നോട്ടു കൊണ്ടുപോകേണ്ട ഉത്തരവാദിത്തം ബിജെപിക്കാണെന്നും റാലിയിൽ മോദി പറഞ്ഞു. ബംഗാൾ, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ബിജെപി പ്രവർത്തകരെ മോദി അഭിനന്ദിച്ചു. ഈ സംസ്ഥാനങ്ങളിലെ ബിജപി പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. വെല്ലുവിളികൾക്കിയിലും പ്രവർത്തിക്കുന്ന ഈ സംസ്ഥാനങ്ങളിലെ പ്രവർത്തകരെ അഭിനന്ദിക്കുന്നതായി മോദി പറഞ്ഞു.

കേരളത്തിലും ബംഗാളിലും തെലങ്കാനയിലും ബിജെപി പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. വെല്ലുവിളികൾക്കിടയിലും പ്രവർത്തിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവർത്തകരെ അഭിനന്ദിക്കുന്നതായും മോദി വ്യക്തമാക്കി.

അതിന് ശേഷം മോദി മുസ്ലിം വിഭാഗത്തിലെ പിന്നോക്കാർക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പദ്ധതികൾ പിന്നോക്കക്കാരിൽ എത്തിക്കണം. ഇതിന് പാർട്ടി പ്രവർത്തകരും മുന്നിട്ടിറങ്ങണം. പ്രധാനമായും ഉത്തർപ്രദേശിലെ ബിജെപി നേതാക്കൾക്കളെ ലക്ഷ്യം വച്ചുള്ളതായിരുന്നു ഈ നിർദ്ദേശം. അസംഗഡിലെയും രാംപൂരിലെയും വിജയങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മോദിയുടെ നിർദേശമെന്നതും ശ്രദ്ധേയമാണ്.

പ്രമുഖ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെതിരെയായിരുന്നു പിന്നീട് മോദിയുടെ വിമർശനം. വർഷങ്ങളായി ഇന്ത്യ ഭരിച്ച പാർട്ടി നിലനിൽപ്പിനായി കഷ്ടപ്പെടുകയാണെന്ന് പറഞ്ഞ മോദി, അവരെ പരിഹസിക്കരുതെന്നും പറഞ്ഞു. ആ പാർട്ടി ചെയ്തതൊന്നും ബിജെപി ചെയ്യാതിരിക്കാനാണ് നോക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി യുടെ ആശയത്തിന്റെ അടിസ്ഥാനം ജനാധിപത്യമാണ്. വൈവിധ്യത്തിന്റെ ഊർജ്ജം ഉൾക്കൊണ്ട് സംഘടന രാജ്യത്ത് വളർത്തണമെന്നും മോദി ആവശ്യപ്പെട്ടു.