കാട്ടിലെ കരുത്തന്മാരിൽ മുൻപനാണ് കടുവകൾ. ഇര എത്ര വലുതാണെങ്കിലും വേട്ടയാടിപ്പിടിക്കാനുള്ള പ്രത്യേക കഴിവ് കടുവയ്ക്കുണ്ട്. അത്തരമൊരു അപൂർവ വേട്ടയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ആനക്കുട്ടിയെ വേട്ടയാടുന്ന കടുവയുടെ ദൃശ്യമാണിത്. വേട്ടയാടിപ്പിടിച്ച കുട്ടിയാനയെ കാട്ടിലൂടെ വലിച്ചിഴച്ച് കരുത്തനായ കടുവയുടെ ദൃശ്യം കണ്ട് അന്തംവിടുകയാണ് സോഷ്യൽ മീഡിയ.

വനാന്തരങ്ങളിൽ കടുവകൾ ആനക്കുട്ടികളെ വേട്ടയാടുന്നത് അപൂർവമാണ്. മുതിർന്ന ആനകളെ കടുവകൾ വേട്ടയാടാൻ ശ്രമിക്കാറില്ല. എന്നാൽ ആനക്കുട്ടികളെ ഒത്തു കിട്ടിയാൽ വേട്ടയാടുമെന്നതിന് തെളിവാണ് ഈ ദൃശ്യം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇന്ത്യയിലെ വനാന്തരങ്ങളിൽ നിന്നു പകർത്തിയ ദൃശ്യമാണിത്. വേട്ടയാടിയ ആനക്കുട്ടിയ കാടിനുള്ളിലൂടെ വലിച്ചിഴയ്ക്കുന്ന കടുവയെ ദൃശ്യത്തിൽ കാണാം.

മണിക്കൂറിൽ പരമാവധി 65 കിമീ വരെയാണ് കടുവകളുടെ വേഗം. സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള മൃഗങ്ങളെ വരെ അനായാസം കൊന്നൊടുക്കാനാകും വിധം കരുത്തനാണ് കടുവ. മാൻ, മ്ലാവ്, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങിയവയാണ് കടുവകളുടെ പ്രധാന ഇരകൾ. അപൂർവ്വമായാണ് ഇവർ ആനകളെ വേട്ടയാടുക. ആനക്കൂട്ടത്തിനൊപ്പം സഞ്ചരിച്ച ആനക്കുട്ടിയെ ഇത്തരത്തിൽ ആക്രമിച്ചതാണെന്നാണ് നിഗമനം.