- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങളോളം പഴക്കമുള്ള ചേതക്കുമായി ജിസിസി രാജ്യങ്ങൾ ചുറ്റിയടിച്ച് രണ്ട് യുവാക്കൾ; കൊടും ചൂടിലും തളരാത്ത വീര്യവുമായി ഇബ്രാഹിം ബിലാലും മുഹമ്മദ് അഫ്‌സലും
സൊഹാർ: തങ്ങളോളം പഴക്കമുള്ള ചേതക്കുമായി ജിസിസി രാജ്യങ്ങൾ ചുറ്റിയടിക്കുകയാണ് രണ്ട് യുവാക്കൾ. മസ്‌കത്തിൽ നിന്നു പുറപ്പെട്ടു നാലര മണിക്കൂർ കൊണ്ട് ഇബ്രാഹിം ബിലാലും മുഹമ്മദ് അഫ്‌സലും സൊഹാറിലെത്തി. കൊടും ചൂടിലും തളരാത്ത വീര്യവുമായാണ് 22 വർഷം പഴക്കമുള്ള സ്‌കൂട്ടറിൽ ഇരുവരുടേയും യാത്ര. യുഎഇ യാത്ര പൂർത്തിയാക്കി സംഘം ഒമാനിലെത്തി. വീണ്ടും യുഎഇയിലേക്ക് മടങ്ങും. അവിടുന്ന് ഖത്തറിലേക്കും പോകാനാണ് ഇവരുടെ ഇപ്പോഴത്തെ പ്ലാൻ.
സന്ദർശിക്കാനുള്ള രാജ്യങ്ങളുടെ പട്ടിക ഏറെയുണ്ട് ഇവരുടെ കയ്യിൽ. സാധാരണ ബൈക്ക് റൈഡർമാർക്ക് ലഭിക്കുന്നതിലേറെ സ്വീകാര്യത അഫ്‌സലിനും ബിലാലിനും ലഭിക്കുന്നത് അവരുടെ കയ്യിലുള്ള സ്‌കൂട്ടർ കാരണമാണ്. നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമായ ചേതക് സ്‌കൂട്ടർ തന്നെ യാത്രയ്ക്ക് തിരഞ്ഞെടുത്തത് റിസ്‌ക് എടുത്തുള്ള യാത്രയാകണമെന്ന ഒറ്റ കാരണത്തിലാണെന്നു ഇവർ പറയുന്നു. ഈ യാത്രയുടെ ത്രിൽ സ്വയം അനുഭവിക്കുകയും ആ അനുഭവം മറ്റുള്ളവർക്ക് പാഠമാകാൻ യുട്യൂബിലൂടെ മറ്റുള്ളവരുടെ മുന്നിൽ എത്തിക്കുകയുമാണ് ഇവർ. ആത്മവിശ്വാസം ഉണ്ടെങ്കിൽ ഒരു യാത്രയ്ക്ക് ഏതു തരം വാഹനവും ഉപയോഗിക്കാം എന്ന അനുഭവവുമാണ് പഠിപ്പിക്കുന്നത്.
സൊഹാറിലെ കോഴിക്കോടൻ മക്കാനി ഹോട്ടൽ പരിസരത്തൊരുക്കിയ സ്വീകരണത്തിൽ നിരവധി പേർ പങ്കെടുത്തു. ബദറുൽ സമ സൊഹാർ ബ്രാഞ്ച് തലവൻ മനോജ്, കെഎംസിസി സൊഹാർ പ്രസിഡന്റ് ബാവ ഹാജി എന്നിവർ ബോക്കെ നൽകി സ്വീകരിച്ചു. മക്കാനി ഹോട്ടൽ ഉടമകളായ റാഷിദ്, വാഹിദ് എന്നിവർ ഇരുവരേയും പൊന്നാട അണിയിച്ചു. ചടങ്ങിൽ റിയാസ്, ഡോ. ആസിഫ്, സിറാജ് കാക്കൂർ എന്നിവർ പങ്കെടുത്തു. ബിലാലിന്റെയും അഫ്‌സലിന്റെയും ചിത്രങ്ങൾ പതിച്ച കേക്ക് വേദിയിൽ മുറിക്കുകയും ചെയ്തു.
'ഒരു യാത്ര കൊണ്ട് നേടാൻ കഴിയുന്ന അറിവ് പറഞ്ഞറിയിക്കാൻ സാധിക്കില്ല. യാത്ര ഇഷ്ടപ്പെടുന്നവരാണെങ്കിൽ കിട്ടുന്ന വാഹനത്തിൽ ആവുന്നടുത്തോളം യാത്ര ചെയ്യുക' ഇതാണ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവരോട് അഫ്‌സലിനും ബിലാലിനും പറയാനുള്ളത്. കാസർകോട് നയാന്മാർമൂലയാണ് ഇവരുടെ സ്വദേശം. പ്ലസ് ടു വിദ്യാർത്ഥികളാണ് ഇരുവരും. രണ്ടു ദിവസം സൊഹാറിൽ കറങ്ങി ദുബായിലേക്കുള്ള യാത്ര തുടരും.