പാലക്കാട്: പട്ടാമ്പിയിൽ വരന്റെ സാന്നിദ്ധ്യമില്ലാതെ നടത്തിയ നിക്കാഹിന് നിയമസാധുതയില്ലെന്ന് മുഖ്യ രജിസ്ട്രാർ ജനറൽ. ഇസ്ലാമിക നിയമപ്രകാരമുള്ള വിവാഹത്തിന് വരന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നും, അല്ലാത്തപക്ഷം നിയമപ്രാബല്യം ഇല്ലെന്നുമുള്ള നിയമോപദേശമാണ് രജിസ്ട്രേഷൻ വിഭാഗത്തിന് ലഭിച്ചത്. വിവാഹവുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്.

വിഷയത്തിൽ സർക്കാരിന്റെ ഉപദേശം തേടാൻ മുഖ്യരജിസ്ട്രാർ ജനറൽ കൂടിയായ പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ രജിസ്ട്രേഷൻ വിഭാഗത്തിന് നിർദ്ദേശം നൽകി. കഴിഞ്ഞ ഡിസംബർ 24 ന് പട്ടാമ്പിയിൽ വച്ച് നടന്ന വിവാഹത്തിലാണ് നിയമപ്രശ്‌നം ഉണ്ടായത്. വിദേശത്തായിരുന്ന വരന് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. തുടർന്ന് നിക്കാഹ് സ്വീകരിക്കാൻ പിതൃ സഹോദരന് വക്കാലത്ത് നൽകി. കഴിഞ്ഞ മെയ്‌ പതിനാറിന് വിവാഹം രജിസ്റ്റർ ചെയ്യാൻ പട്ടാമ്പി നഗരസഭയിൽ അപേക്ഷ നൽകി. ഇതിനുപിന്നാലെയാണ് വിവാഹത്തിന്റെ നിയമസാധുത തേടി പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ മുഖ്യ രജിസ്ട്രാർ ജനറലിനു കത്തയച്ചത്.