യർലൻഡിലെ ഗാർഹിക വൈദ്യുതി-ഗ്യാസ് ബില്ലുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ഇലക്ട്രിക് അയർലൻഡ്. ഓഗസ്റ്റ് ഒന്നുമുതലാണ് വർദ്ധനവ് നിലവിൽ വരുന്നത്. ഗ്യാസ് ബിൽ 29.2 ശതമാനവും വൈദ്യുതി ബിൽ 10.9 ശതമാനവുമാണ് വർദ്ധിപ്പിക്കുന്നത്.

റെസിഡൻഷ്യൽ ഗ്യാസ് ബില്ലുകളിലെ യൂണിറ്റ് പ്രൈസിൽ 29.2 ശതമാനത്തിന്റെയും, റെസിഡൻഷ്യൽ വൈദ്യുതി ബില്ലുകളിൽ യൂണിറ്റ് പ്രൈസിൽ 10.9 ശതമാനത്തിന്റെയും വർദ്ധനവാണുണ്ടാവുക. ഇതേ വർദ്ധനവ് സ്റ്റാന്റിങ് ചാർജിലും ബാധകമാവും.

പുതിയ നിരക്ക് പ്രകാരം അടുത്തമാസം മുതൽ ഇലക്ട്രിക് അയർലൻഡ് വൈദ്യുതി ബില്ലുകളിൽ ശരാശരി 13.71 യൂറോയുടെ വർദ്ധനവാണ് ഓരോ ബില്ലിലും പ്രതീക്ഷിക്കപ്പെടുന്നത്. ഈ നിരക്ക് പ്രകാരം ഓരോ ഉപഭോക്താവിനും പ്രതിവർഷം 165.55 യൂറോയുടെ അധിക ചെലവ് വരും. ഗ്യാസ് വില 29.2 ശതമാനം ഉയരുന്നതോടെ ഓരോ ബില്ലിലും 25.65 യൂറോ വർദ്ധനവുണ്ടാവും. പ്രതിവർഷം 311.54 യൂറോ ആണ് അധിക ചെലവ് വരിക.

മെയ് മാസത്തിൽ പ്രഖ്യാപിച്ച ബിൽവർദ്ധനവിന് പുറമേയാണ് മൂന്ന് മാസത്തിനിടയിൽ ഇലക്ട്രിക് അയർലൻഡ് വീണ്ടും നിരക്ക് വർദ്ധിപ്പിക്കുന്നത്. മെയ് മാസത്തിൽ വൈദ്യുതി വിലയിൽ 22 ശതമാനത്തിന്റെയും, ഗ്യാസ് വിലയിൽ 25 ശതമാനത്തിന്റെയും വർദ്ധനവായിരുന്നു ഏർപ്പെടുത്തിയത്. അയർലൻഡിലെ മറ്റ് ഊർജ്ജവിതരണ കമ്പനികളായ Bord Gáis Energy, Energia,PrePayPowers എന്നീ കമ്പനികളും ഈയിടെ ചാർജ്ജ് വർദ്ധിപ്പിച്ചിരുന്നു.