ന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായി അധികാരമേൽക്കുന്ന ചരിത്രനിമിഷത്തിൽ, തന്റെ ചുവടുകൾ വരും തലമുറയ്ക്ക് സ്വപ്നം കാണാൻ ചിറകുകൾ നൽകട്ടെ എന്നാണ് പ്രസംഗിച്ചത്. തദ്ദേശീയർ കയ്യാളിയിരുന്ന ഇന്നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്കാർ പകച്ചുനിന്നൊരു കാലമുണ്ടായിരുന്നു. മുപ്പത് വർഷങ്ങൾക്ക് മുൻപ് ,ജോൺ എബ്രഹാം എന്ന തിരുവനന്തപുരംകാരൻ അമേരിക്കൻ നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത് അത്തരം സാഹചര്യങ്ങളോട് പടവെട്ടിക്കൊണ്ടായിരുന്നു. അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൂടുതൽ ഇന്ത്യക്കാർ കടന്നുവരുന്നതിനുള്ള കളമൊരുക്കുക എന്ന തന്റെ നിയോഗത്തെക്കുറിച്ച് എഴുപത്തിയാറാം വയസ്സിൽ ജോൺ എബ്രഹാം അഭിമാനത്തോടെ ഓർത്തെടുക്കുന്നു...

അമേരിക്കയിൽ എത്തിയിട്ട് നീണ്ട 50 വർഷങ്ങൾ...ആദ്യം ഇവിടെവന്നത്...ജോലി ലഭിച്ചത് ...ആ കാലത്തെക്കുറിച്ച് ഇപ്പോഴും ഓർമ്മിക്കാറുണ്ടോ?

അൻപതാം വാർഷികം, മുപ്പതാം വാർഷികം എന്നൊന്നും ചിന്തിച്ചിട്ടില്ല. വേണ്ടപ്പെട്ടവർ ഓർമ്മിപ്പിക്കുമ്പോളാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത്. ജീവിതം ഒഴുക്കിനൊപ്പം നീങ്ങുകയാണ്. പല അനുഭവങ്ങളും കഥകളേക്കാൾ അവിശ്വസനീയമായി തോന്നും. ടെക്‌സ്‌റ്റൈൽ എഞ്ചിനീയറായ ഞാൻ തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്കായിരുന്നു ആദ്യം യാത്രതിരിച്ചത്. ഒരു ഗുജറാത്തി മാർവാഡിയായിരുന്നു സ്ഥാപനത്തിന്റെ ഉടമ. ഈസ്റ്റ് ആഫ്രിക്കയിലേക്ക് കമ്പനിയുടെ ശൃംഖല വിപുലീകരിക്കുകയാണെന്ന് പറഞ്ഞാണ് എന്നെ അവിടേക്ക് അയച്ചത്. അവിടത്തെ ബേസിക് സാലറിയുടെ അഞ്ചിലൊന്ന് മാത്രം നൽകിക്കൊണ്ട് എന്നെ ചതിക്കുകയാണെന്ന് ബോധ്യപ്പെട്ടതോടെ അവിടെനിന്ന് രക്ഷപ്പെടാൻ പല കോൺസലേറ്റുകളിലും കയറിയിറങ്ങി. ഇന്ത്യയിലേക്ക് മടങ്ങുക എന്നതൊഴികെ ഏത് ഓപ്ഷനും സ്വീകാര്യമായിരുന്നു. അമേരിക്കൻ കോൺസുലേറ്റ് വിസിറിങ് വിസ അനുവദിക്കാൻ തയ്യാറായി. അവരുടെ ആകെ ആശങ്ക, സന്ദർശന വിസയിൽ പോയി ഞാൻ അമേരിക്കയിൽ തന്നെ തുടരുമോ എന്നായിരുന്നു.

ആഫ്രിക്കയിൽ നല്ല ജോലിയുണ്ടെന്നും അമേരിക്കയിലെ സ്ഥലം കാണുക എന്നത് മാത്രമാണ് ഉദ്ദേശമെന്നും ഒരുവിധത്തിൽ അവരെ ബോധിപ്പിച്ച് വിസ തരപ്പെടുത്തി. ഇന്ത്യൻ കോൺസുലേറ്റിൽ പോയപ്പോൾ, അവിടത്തെ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി തിരുവനന്തപുരത്തെ വീടിന്റെ അയൽപക്കത്തുള്ള ആളുടെ ബന്ധുവായ പ്രേമയാണെന്ന് കണ്ട് ആശ്വാസം തോന്നി. കോൺസൽ ജനറൽ കമ്പനി അധികൃതരെ വിളിച്ച് സംസാരിച്ചു. നിയമനടപടികൾ ഒഴിവാക്കണമെങ്കിൽ റിട്ടേൺ ടിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യയിലേക്കുള്ള റിട്ടേൺ ടിക്കറ്റിന് പകരം അമേരിക്കയിലേക്കുള്ള ടിക്കറ്റ് മതിയെന്ന് ഞാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൈയിൽ വെറും ക്വാർട്ടർ ഡോളറുമായാണ് ഒരു വ്യാഴാഴ്ച ന്യൂയോർക്ക് ജോൺ എഫ് കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങുന്നത്.

കയ്യിലുള്ള ക്വാർട്ടർ ഡോളർ കൊണ്ട് ന്യൂജേഴ്സിയിലുള്ള മൂത്ത സഹോദരൻ ഡോ. വർക്കി എബ്രഹാമിനെ ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെയും സ്ട്രഗ്ലിങ് പീരീഡായിരുന്നു അത്. ഞാൻ അമേരിക്കയിൽ എങ്ങനെ എത്തിയെന്ന് അദ്ദേഹം അത്ഭുതം കൂറി. പുറത്തിറങ്ങേണ്ട എന്നുപദേശിച്ച് ചേട്ടനെന്നെ കൂട്ടിക്കൊണ്ടുപോകാൻ കാറുമായെത്തി. സംസാരിച്ചിരിക്കുന്നതിനിടയിൽ, ഹെറാൾഡ് ന്യൂസിൽ വെറുതേ കണ്ണോടിച്ചപ്പോൾ അവസരങ്ങൾ എന്ന കോളത്തിൽ, 'ടെക്‌സ്‌റ്റൈൽ ഫോർമാന്റെ' വേക്കൻസി കണ്ടു. ബ്രദറിന്റെ താമസസ്ഥലത്തിനടുത്തായിരുന്നു ടെക്‌സ്‌റ്റൈൽ ഫാക്ടറി. ഇറ്റാലിയനായ ഫ്രാങ്ക് പെപ്പെടോൺ എന്നയാളാണെന്നെ ഇന്റർവ്യൂ ചെയ്തത്. അഭിമുഖത്തിൽ പാസായി. ഒരുമാസം കഴിഞ്ഞേ ഓപ്പണിങ് ഉള്ളൂ എന്നാണ് പറഞ്ഞിരുന്നത്. എങ്കിലും, തിങ്കളാഴ്ച തന്നെ ജോയിൻ ചെയ്യാൻ അനുമതി കിട്ടിയത് രക്ഷയായി.

സഹോദരന് ഭാര്യയ്ക്കും രണ്ടുമക്കൾക്കുമൊപ്പം എന്നെക്കൂടി അപ്പാർട്‌മെന്റിൽ താമസിപ്പിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഫ്രാങ്ക് നല്ലൊരു മനുഷ്യനായിരുന്നു. ലഞ്ച് കഴിക്കാൻ പോകുമ്പോൾ എന്നെയും കൂടെ കൂട്ടുമായിരുന്നു. അദ്ദേഹത്തോടെനിക്ക് താമസിക്കാനൊരിടം ശരിയാക്കാമോ എന്ന് ചോദിച്ചതും ഫാക്ടറിയുടെ അടുത്ത് തന്നെ അതിനുള്ള സൗകര്യമൊരുക്കി. രണ്ടുമാസം കഴിഞ്ഞ് ഫ്രാങ്കിനോട് ഞാനൊരു വിസിറ്ററാണെന്നും ഗ്രീൻ കാർഡ് ലഭിച്ചിട്ടില്ലെന്നും പറഞ്ഞപ്പോൾ കമ്പനിയുടെ ഉടമയെക്കൊണ്ടെന്നെ സ്‌പോൺസർ ചെയ്യിച്ചു. വാലിങ്ടൺ എന്ന സ്ഥലത്തായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. അവിടെ കൂടുതലും പോളണ്ടിൽ നിന്നും യുഗോസ്ലാവിയയിൽ നിന്നുമുള്ള ആളുകളുമാണുണ്ടായിരുന്നത്.

ഇന്ത്യക്കാരനാണെന്നതുകൊണ്ട് അഡ്‌മിനിസ്‌ട്രേറ്ററിന് മാത്രം എന്നോടൊരു അനിഷ്ടം ഉണ്ടായിരുന്നു. അയാൾ പേപ്പർ വർക്കുകൾ ഇഴച്ചതുകൊണ്ട് എനിക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നതിന് മൂന്ന് വർഷം വേണ്ടി വന്നു. തിങ്കൾ മുതൽ ശനി വരെ പന്ത്രണ്ടു മണിക്കൂർ ജോലി ചെയ്യുന്നതിന് മാസം 124 ഡോളർ മാത്രമേ ലഭിച്ചിരുന്നുള്ളു. ഉടമ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഗ്രീൻ കാർഡ് ലഭിക്കുന്നതുവരെ അതൊക്കെ സഹിച്ച് പിടിച്ചുനിന്നു. സത്യാവസ്ഥ ബോസിനെ അറിയിച്ച ശേഷമാണ് മറ്റൊരു സ്ഥാപനത്തിലേക്ക് മാറിയത്.

താങ്കൾ ഇവിടേക്ക് വരുമ്പോൾ ഇന്ത്യക്കാർ കുറവായിരുന്നോ?

1972 ലാണ് ഞാൻ ഇവിടെ എത്തുന്നത്. ഇന്ത്യയിൽ നിന്നുള്ളവരുടെ എണ്ണം നന്നേ കുറവായിരുന്നു. ഇന്നത്തേതുപോലെ അസോസിയേഷനുകളൊന്നുമുണ്ടായിരുന്നില്ല. മെരിലാൻഡ്, പെൻസിൽവാനിയ,വാഷിങ്ടൺ, ന്യൂജേഴ്സി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും യാത്രാക്ലേശങ്ങൾ വകവയ്ക്കാതെ എല്ലാ മതസ്ഥരും ന്യൂയോർക്കിലെ യൂണിയൻ സെമിനാരി എന്ന പള്ളിയിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും എത്തിച്ചേർന്നിരുന്നത് ഇന്ത്യക്കാരെയോ മലയാളികളോ കണ്ടുമുട്ടാം എന്ന പ്രതീക്ഷയിലാണ്.

ടീനെക്കിൽ എത്തപ്പെടുന്നത് എങ്ങനെയായിരുന്നു? മലയാളിയായ താങ്കൾ അവിടെ മേയർ പദവി നേടിയത് വിശദീകരിക്കാമോ?

വാരാന്ത്യങ്ങളിൽ സുഹൃത്തുക്കളുമൊത്ത് അടുത്തുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നതിനിടയിലാണ് ടീനെക്ക് എന്ന സ്ഥലം ആദ്യമായി കാണുന്നത്. ഒരുപാട് ചെടികളും മരങ്ങളും നല്ല റോഡുകളുമൊക്കെയുള്ള ആ കൊച്ചു ടൗണിനോട് കണ്ടമാത്രയിൽ തന്നെ ഒരാകർഷണം തോന്നി. യഹൂദന്മാർ ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു അത്. വാടകയ്ക്കൊരു വീട് അന്വേഷിച്ചപ്പോഴാണ്, ഇൻസ്റ്റാൾമെന്റായി മാസാമാസം റെന്റിന് തുല്യമായ തുക നൽകിയാൽ വീട് സ്വന്തമാക്കാമെന്ന ഒരു സ്‌കീം അറിയുന്നത്. അങ്ങനെ, വാടകക്കാരനാകാൻ എത്തിയ ഞാൻ വീട്ടുടമയായി. ഇതിനിടയിൽ വിവാഹം കഴിയുകയും മൂന്ന് ആൺമക്കൾ ജനിക്കുകയും ചെയ്തു. പാർക്കിലൂടെ നടക്കാനിറങ്ങുമ്പോൾ ആളുകളോട് കുശലമന്വേഷിച്ചും മറ്റും ആ നാടിനെ അടുത്തറിയാൻ സാധിച്ചു. മക്കൾക്ക് സ്‌പോർട്‌സിൽ താല്പര്യമുണ്ടായിരുന്നതുകൊണ്ട് സോക്കർ, ബേസ്ബോൾ തുടങ്ങിയ കളികളിൽ അവരുടെ ടീമിനെ ഞാൻ സ്‌പോൺസർ ചെയ്യാൻ തീരുമാനിച്ചു. ടീമിൽ ചേരുന്ന കുട്ടികളുടെ യൂണിഫോം,കളിക്കാനുള്ള സാമഗ്രികൾ അങ്ങനെയുള്ളതെല്ലാം ഞാൻ സ്‌പോൺസർ ചെയ്തു. കഥകളുടെയും ബാങ്കുകളുടെയും കമ്പനികളുടെയും പേരുവച്ച ടീമുകളേ അതുവരെ ഉണ്ടായിരുന്നുള്ളൂ. ഒരു വ്യക്തിയുടെ പേരിൽ സ്‌പോൺസർ ചെയ്യുന്നത് ആദ്യത്തെ സംഭവമായിരുന്നു. ഇന്ത്യക്കാരോടുള്ള അവരുടെ കാഴ്ചപ്പാട് മാറ്റുക എന്നതായിരുന്നു പ്രധാന ഉദ്ദേശം.

'ജോൺ എബ്രഹാം' എന്ന എന്റെ പേര് നാട്ടുകാർക്കിടയിൽ പരിചിതമാകാൻ അത് സഹായകമായി. കുട്ടികൾ ടീമിന്റെ ഭാഗമാകുമ്പോൾ രക്ഷിതാക്കളും സ്വാഭാവികമായി നമ്മുടെ പേര് ശ്രദ്ധിക്കുമല്ലോ!പെൺകുട്ടികളുടെ ബാസ്‌കറ്റ്‌ബോൾ ടീമും സ്‌പോൺസർ ചെയ്തു. ടീമുകളുടെ കോച്ചുകളായും മാനേജർമാരായും ചേരാൻ ധാരാളം പേര് മുന്നോട്ട് വന്നതോടെ കൂടുതൽ പേരുമായി ഇടപഴകാൻ സാധിച്ചു. പൊതുയോഗങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. അവിടെവച്ചാണ് ന്യൂജേഴ്സി സെനറ്ററായിരുന്ന മാത്യു ഫെൽഡ്മാനെ പരിചയപ്പെടുന്നത്. സോഷ്യലൈസ് ചെയ്യാനുള്ള എന്റെ കഴിവ് ഒരു നേതാവിന് യോജിച്ചതാണെന്ന് അദ്ദേഹമാണ് ചൂണ്ടിക്കാട്ടിയത്.

ടീനെക്കിനെ 'സ്ലീപ്പിങ് കമ്മ്യൂണിറ്റി' എന്നാണ് വിളിച്ചിരുന്നത്. അവിടെയുള്ളവർ ജോലി ചെയ്തിരുന്നത് ന്യൂയോർക്കിലും മറ്റുമാണ്. മക്കളെ രാവിലെ സ്‌കൂളിൽ വിട്ടിട്ട് മാതാപിതാക്കൾ തൊഴിലിടങ്ങളിലേക്ക് പോകും. ആളനക്കമില്ലാത്തതുകൊണ്ടാണ് 'സ്ലീപ്പിങ് കമ്മ്യൂണിറ്റി' എന്ന് വിളിച്ചത്. ഉറങ്ങാൻ വേണ്ടി മാത്രമാണ് ആളുകൾ ടീനെക്കിലെ വീടുകളിൽ എത്തിയിരുന്നത്. സ്‌കൂൾ വിട്ട് കുട്ടികൾ വീട്ടിൽ എത്തുമ്പോൾ പലപ്പോഴും മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരിക്കില്ല എന്നത് വലിയ പ്രശ്‌നമായി. ബേബി സിറ്ററിനെ ഏൽപ്പിക്കാൻ വലിയ തുക ചെലവാക്കണമായിരുന്നു. ഈ പ്രശ്‌നത്തിനൊരു പരിഹാരം കണ്ടെത്താൻ, ഞങ്ങൾ രക്ഷിതാക്കൾ ചേർന്ന് പി.ടി.ഒ എന്നൊരു സംഘടന രൂപീകരിച്ചു. എട്ടരയ്ക്ക് സ്‌കൂളിൽ എത്തുന്ന ടീച്ചർമാർ ആറരയ്ക്കു എത്തുകയും, ജോലികഴിഞ്ഞ് നാലുമണിക്ക് പോകുന്നതിന് പകരം അഞ്ച് മണിയാക്കാനുമുള്ള ആശയം ഞാൻ മുന്നോട്ടു വച്ചു. കുട്ടികളെ അധികം സമയം നോക്കുന്നതിന് ടീച്ചർമാർക്ക് ശമ്പളം കൂട്ടിനൽകിയാൽ പോലും ബേബി സിറ്റർമാർക്ക് കൊടുക്കേണ്ടത്ര തുക വരുമായിരുന്നില്ല. ഇതിനെക്കുറിച്ച് പത്രങ്ങളിൽ വാർത്ത വന്നതോടെ എന്നെ കൂടുതൽ പേർ ശ്രദ്ധിച്ചുതുടങ്ങി.

കമ്മ്യൂണിറ്റിയിൽ ഉള്ളവർക്ക് ഈ സംഭവത്തോടെ എന്നോട് വലിയ മതിപ്പായി. സെനറ്റർ ഫെൽഡ്മാൻ പറഞ്ഞതനുസരിച്ച്, കൗൺസിൽമാനായി മത്സരത്തിന് നിന്നെങ്കിലും പരാജയപ്പെട്ടു. ഇന്ത്യക്കാരന് വോട്ട് ചെയ്യാൻ പലരും മടിച്ചതാണ് കാരണം. മൂന്ന് തവണ തോൽവി ഏറ്റുവാങ്ങിയെങ്കിലും ഓരോ തവണയും വോട്ടുകളുടെ എണ്ണം കൂടിയതുകൊണ്ട് പിന്മാറാൻ ഞാൻ തയ്യാറായില്ല. രണ്ടുമൂന്ന് മലയാളി സുഹൃത്തുക്കളുമായി ചേർന്ന് ന്യൂജേഴ്സിയിൽ ' മലയാള നാട് ' എന്ന പേരിൽ നാലുപേജുള്ളൊരു പത്രം അക്കാലത്ത് നടത്തിയിരുന്നു. മലയാള മനോരമ പത്രത്തിൽ നിന്നുള്ള പ്രധാനവാർത്തകൾ മുറിച്ചെടുത്ത് ഒട്ടിച്ചായിരുന്നു പത്രത്തിന്റെ രൂപകൽപന. ആ ഒരു പരിചയം വച്ച്, തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരുമാസം മുൻപ് ടീനെക്കിൽ പുതിയ ഇംഗ്ലീഷ് പത്രം ഇറക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. യഹൂദരുടെ പ്രാർത്ഥനാസമയങ്ങൾ, നാട്ടുവാർത്തകൾ, സെനറ്റർമാരുടെ കോൺടാക്ട് നമ്പർ, അഡ്രസ്, പ്രമുഖ നേതാക്കളുടെ ഫോട്ടോയും വാർത്തയും എന്നിവയ്ക്കൊപ്പം എന്റെ ഫോട്ടോയും വാർത്തയും പത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇലക്ഷനിൽ വിജയിപ്പിക്കുക എന്ന ഫ്‌ളയർ ഇടുന്നതിനേക്കാൾ വലിയ ഇമ്പാക്റ്റാണ് വീടുവീടാന്തരം ആ പത്രം വന്നുവീണതോടെ ഉണ്ടായത്. 1990 ൽ നടന്ന ആ തിരഞ്ഞെടുപ്പിൽ കൗൺസിൽമാനായി വിജയിച്ചു.

പിന്നീട്, കൗൺസിലിലെ ആളുകളുമായി സംസാരിച്ച്, മേയറായി മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പൊലീസ് പിന്തുടർന്നതിനിടയിൽ ഫിലിപ്പ് എന്ന പയ്യൻ ടീനെക്കിൽ കൊല്ലപ്പെട്ടത് അമേരിക്കയിലാകെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. ആ പയ്യൻ ബ്ലാക്കും പൊലീസുകാരൻ വൈറ്റും ആയതുകൊണ്ട് അടുത്തിടെ നടന്ന 'ബ്ലാക്ക് ലൈവ്സ് മാറ്റർ ' പോലെ ജനങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധങ്ങൾ ഉണ്ടായി. ആ അവസരത്തിൽ, ടീനെക്കിൽ സമാധാനം കൊണ്ടുവരാൻ ഞാൻ നടത്തിയ മധ്യസ്ഥചർച്ചകൾ ഏറെ പ്രയോജനംചെയ്തു. മീഡിയേറ്റർഷിപ്പിൽ എനിക്കുള്ള കഴിവ് ആളുകൾ മനസ്സിലാക്കിയതുകൊണ്ടാകാം 1992 ൽ മേയറായി മത്സരിച്ചപ്പോൾ മികച്ച പിന്തുണ നേടി ഞാൻ വിജയിച്ചു.

മേയർ പദവിയിലിരിക്കെയുള്ള അവിസ്മരണീയ മുഹൂർത്തങ്ങൾ?

ഒരു മലയാളി, അമേരിക്കൻ നഗരത്തിലെ മേയറാകുന്നത് പത്രങ്ങൾ ആഘോഷമാക്കിയിരുന്നു. എന്റെ പൊതുജീവിതത്തിലെ തിളക്കമാർന്ന കാലം തന്നെയായിരുന്നു മേയർഷിപ്പ്. 1993 ൽ ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ അതിഥിയായി ക്ഷണിക്കപ്പെട്ടത് വലിയൊരു അംഗീകാരമായി കാണുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ജോൺ മേജറായിരുന്നു അന്ന് മുഖ്യാതിഥി. ഡൽഹി വിമാനത്താവളത്തിൽ ചെന്നിറങ്ങുമ്പോൾ,എന്നെ സ്വീകരിക്കാനെത്തിയ പ്രമുഖരുടെ നിര ഇപ്പോഴും മറക്കാനാകുന്നില്ല. ഡൽഹി ലഫ്റ്റനന്റ് ഗവർണർ ദുവേ, പൊലീസ് കമ്മിഷണർ, മന്ത്രിമാർ തുടങ്ങിയവർ നിറമനസ്സോടെ എന്നെ സ്വീകരിച്ചാനയിച്ചു. റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് ജനുവരി 25 ന് ഡൽഹി ഗവണ്മെന്റിന്റെ ആതിഥേയത്വത്തിൽ രാജ്ഭവനിലെ ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ദേശീയപതാക ഉയർത്താനുള്ള ഭാഗ്യവും ലഭിച്ചു.

സിവിലിയൻ കംപ്ലയിന്റ് ബോർഡ് തുടങ്ങിയതാണ് മേയർഷിപ്പിൽ ഞാൻ കൊണ്ടുവന്ന ഏറ്റവും ഗുണകരമായ പരിഷ്‌കരണം. പൊലീസുകാരടക്കം ഏത് ഗവണ്മെന്റ് അഥോറിറ്റിയിൽപെട്ട ഉദ്യോഗസ്ഥരെക്കുറിച്ചും സാധാരണക്കാർക്കുള്ള പരാതികൾ ബോധിപ്പിക്കാനുള്ള അവസരമാണ് അതിലൂടെ ഒരുക്കിയത്. പരാതി നൽകുന്നതിന്റെ പേരിൽ അവർക്ക് മറ്റുക്ലേശങ്ങൾ ഉണ്ടാകില്ലെന്നും ഉറപ്പുവരുത്തിയിരുന്നു. ഈ പരിഷ്‌കരണം, നിരവധി ഉദ്യോഗസ്ഥരുടെ വിരോധത്തിന് കാരണമായി. വീണ്ടും നടന്ന ഇലക്ഷനിൽ വിജയിക്കാതിരുന്നതുപോലും ഈ കാരണം കൊണ്ടാണ്. പൊളിറ്റിക്കൽ സൂയിസൈഡ് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ, എന്റെ ആ ആശയം നല്ലതാണെന്ന് കാലം തെളിയിച്ചു. ഇന്ന്, നിരവധി സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ സിവിലിയൻ കംപ്ലെയ്ന്റ് ബോർഡുകളുണ്ട്.

മേയർഷിപ്പിൽ മലയാളികൾക്കായി എന്തെങ്കിലും ചെയ്യാൻ സാധിച്ചിരുന്നോ?

ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള മലയാളികളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചുള്ള കത്തുകൾ ലഭിച്ചിരുന്നു. അമേരിക്കൻ മേയർ ഇടപെട്ടാൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തോടെ അവർ അയച്ചിരുന്ന കത്തുകൾക്കൊക്കെ, എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തിരുന്നു. ആ ഇടപെടലിലൂടെ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുമുണ്ട്. ലോകത്താകെ ചിതറിക്കിടക്കുന്ന മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ആശയം ഇതോടെയാണ് ജനിച്ചത്. അങ്ങനെയാണ് വേൾഡ് മലയാളി കൗൺസിൽ 1995 ൽ രൂപീകരിച്ചത്. വീട് പണയപ്പെടുത്തിയാണ് പ്രാരംഭചെലവ് വഹിച്ചത്. ട്രിവാൻഡ്രം ക്ലബ്ബിൽ പ്രസ് കോൺഫറൻസ് വിളിച്ചുവരുത്തി വലിയ രീതിയിൽ സംഘടനയ്ക്ക് പ്രചാരം നൽകി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും അടുത്ത സുഹൃത്തുമായ ടി.എൻ.സെഷനായിരുന്നു ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. ഒപ്പം നിന്ന പലരും പ്രതീക്ഷക്കു വിരുദ്ധമായി പ്രവർത്തിക്കുകയും എന്നെ കടക്കെണിയിലാക്കുകയും ചെയ്തു. ആദ്യകാലത്ത് വേൾഡ് മലയാളി കൗൺസിലിനെ എതിർത്തവർ പിന്നീടതിന്റെ തലപ്പത്തെത്തി. പലനേട്ടങ്ങളും നഷ്ടങ്ങളും ഉണ്ടായി. ജീവിതത്തിന്റെ ബാലൻസ് ഷീറ്റ് നോക്കുമ്പോൾ സംതൃപ്തനാണ്. നമ്മൾ ഒന്നും കൊണ്ടുവന്നിട്ടുമില്ല, കൊണ്ടുപോകുന്നുമില്ല.

രാഷ്ട്രീയജീവിതം എന്തുകൊണ്ട് തുടർന്നില്ല?

മേയർ സ്ഥാനത്ത് ഒരാൾക്ക് ചെയ്യാവുന്ന കാര്യങ്ങൾക്ക് പരിധികളുണ്ട്. ഒരു ടൗണിന് ഒരു ആശുപത്രി, പാർക്ക്, സ്‌ക്കൂൾ എന്നിങ്ങനെ അടിസ്ഥാനമായി ചില കാര്യങ്ങളേ ആവശ്യമുള്ളു. പുതിയതായി ഒന്ന് നിർമ്മിക്കേണ്ട സ്ഥലമോ ആവശ്യമോ ഉണ്ടായിരിക്കില്ല. മേയർക്ക് ആകെ ചെയ്യാവുന്നത് ഉള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ്. അസംബ്ലിയിൽ മത്സരിച്ചത് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹമുള്ളതുകൊണ്ടായിരുന്നു. എന്നാൽ, വിജയിക്കാൻ സാധിച്ചില്ല. യഹൂദരും ഇന്ത്യക്കാരും ഒരുപോലെയുള്ള കമ്മ്യൂണിറ്റി ആയിരുന്നിട്ടും അവർക്കൊപ്പം മുന്നേറാൻ സാധിക്കാത്തതെന്താണെന്ന് ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. അവനവന്റെ കുടുംബത്തിലേക്ക് ഒതുങ്ങിക്കൂടുന്നതാണ് നമ്മുടെ രീതി. മുൻനിരയിലേക്ക് നമ്മളിൽപ്പെട്ടവർ എത്തിയാൽ മാത്രമേ ഉന്നമനം സാധ്യമാകൂ എന്ന തിരിച്ചറിവ് യഹൂദർക്കുണ്ട്. അതാണവരുടെ വിജയരഹസ്യം. സ്‌കൂളുകളിലും കോളജുകളിലും മറ്റും പോയി പുതുതലമുറയ്ക്ക് ഞാൻ നൽകുന്ന ഉപദേശവും മറ്റൊന്നല്ല. നമ്മുടെ കുട്ടികൾ പൊളിറ്റിക്കൽ സയൻസും, നിയമവും, സാമ്പത്തികശാസ്ത്രവും പഠിക്കണം . അങ്ങനെയുള്ളവർക്കാണ് അധികാരത്തിലേക്ക് വരാൻ കൂടുതലായി അവസരം ലഭിക്കുന്നത്.

ഇന്ത്യൻ കമ്മ്യൂണിറ്റി മെച്ചപ്പെടണമെങ്കിൽ...

ഇന്ത്യൻ കമ്മ്യൂണിറ്റി മെച്ചപ്പെടണമെങ്കിൽ, ഇവിടുത്തെ മുഖ്യധാരാരാഷ്ട്രീയത്തിലേക്ക് നമ്മുടെ ചെറുപ്പക്കാർ എത്തേണ്ടതുണ്ട്. അതിനുള്ള കാലം വിദൂരമല്ലെന്നാണ് പ്രതീക്ഷിക്കുന്നത്. 65 വയസ്സ് കഴിഞ്ഞ ഒരാൾ പൊളിറ്റിക്സിൽ നിൽക്കരുതെന്നാണ് എന്റെ അഭിപ്രായം. എല്ലാ ജോലിയിലെയും പോലെ രാഷ്ട്രീയത്തിലും റിട്ടയർമെന്റ് വേണം. അധികാരക്കസേരയിൽ എക്കാലവും കടിച്ചുതൂങ്ങുന്നത് നല്ല പ്രവണതയല്ല. ഇന്ത്യയിൽ നിന്നുള്ള ചെറുപ്പക്കാർ മത്സരിക്കുമ്പോൾ പ്രചാരണത്തിനും മറ്റുമായി ഇപ്പോഴും ഞാൻ സജീവമായി ഇറങ്ങി പ്രവർത്തിക്കാറുണ്ട്. ഒരിടത്തും മുൻപിൽ പ്രത്യക്ഷപ്പെടാറില്ലെന്ന് മാത്രം. ചില സംഘടനകൾ എന്നെ ആദരിക്കാൻ വിളിക്കാറുണ്ട്. പക്ഷേ, പോകാറില്ല. മുൻ മേയറെ ഇന്നയാൾ പൊന്നാടയണിച്ചു എന്നുപറഞ്ഞ് വാർത്തകൊടുക്കുകയാണ് അവരുടെ ഉദ്ദേശമെന്നെനിക്കറിയാം. അത്തരം പ്രഹസനങ്ങൾക്ക് നിന്ന് കൊടുക്കാറില്ല.

മക്കൾ?

മൂത്തമകൻ ജോൺ എബ്രഹാം ജൂനിയർ പൊലീസ് ഓഫീസറായിരുന്നു. ഒക്ടോബർ 25, 2010 ൽ ഡ്യൂട്ടിയിലിരിക്കെ ഒരാളെ കാറിൽ ചെയ്സ് ചെയ്യുന്നതിനിടയിൽ അപകടത്തിൽ മരണപ്പെട്ടു. ടീനെക്കിൽ തന്നെയായിരുന്നു സംഭവം.എന്നെപ്പോലെ തന്നെ പൊതുകാര്യങ്ങളിൽ സജീവമായ അവൻ ജനസമ്മതനുമായിരുന്നു. അവൻ താമസിച്ചിരുന്ന സ്ഥലത്തെ റോഡിന് 'ജോൺ എബ്രഹാം ജൂനിയർ റോഡ് 'എന്നും, ടീനെക്ക് പൊലീസ് സ്റ്റേഷനിലക്ക് വരുന്ന വഴിക്ക് 'ജോൺ എബ്രഹാം ജൂനിയർ വേ' എന്നും പേരുനൽകിയത് അവനോടുള്ള ജനങ്ങളുടെ സ്നേഹമാണ് വിളിച്ചോതുന്നത്. അത്തരം ആദരവ് ഒരിക്കലും പിടിച്ചുവാങ്ങാൻ സാധിക്കുന്ന ഒന്നല്ല, നേടിയെടുക്കുന്നതാണ്. അവന്റെ ഓർമ്മദിവസത്തിൽ ആക്‌സിഡന്റ് നടന്ന സ്ഥലത്ത് ടീനെക്കിലെ പൊലീസുകാർ റോഡ് ക്ലോസ് ചെയ്ത് പ്രത്യേക ചടങ്ങ് നടത്താറുണ്ട്.
അവനെയോർക്കുമ്പോൾ ഇന്നും അഭിമാനമാണ്. ന്യൂയോർക്കിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടന (AMLEU) അവന്റെ പേരിൽ സ്‌കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ മകൻ തോമസ് എബ്രഹാം ഫയർഫൈറ്ററാണ്. ചെറുപ്പം മുതൽ ആംബുലൻസിലും മറ്റും ആളുകളെ സഹായിക്കാൻ അവൻ മുന്നിട്ടിറങ്ങിയിരുന്നു. ഇളയവൻ മാത്യു എബ്രഹാം ഫിനാൻഷ്യൽ അനലിസ്റ്റാണ്.