അബുദാബി: ബലിപ്പെരുന്നാൾ അടുത്ത് വരികയാണ്. എന്നാൽ വിമാന ടിക്കറ്റിന്റെ നിരക്ക് കണ്ട് പേടിച്ച് പലരും നാട്ടിലേക്ക് വരാനാവാതെ വിഷമിക്കുകയാണ്. ഒരു സൈഡിലേക്ക് മാത്രം യാത്ര ചെയ്യുന്നതിന് തന്നെ അരലക്ഷം രൂപയിലധികം വേണ്ട അവസ്ഥ. അതുകൊണ്ട് തന്നെ പലരും നാട്ടിൽ ബലിപ്പെരുനാൾ ആഘോഷം എന്ന സ്വപ്‌നം വേണ്ടെന്നു വെച്ചു. എന്നാൽ ഇപ്പോഴിതാ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്കൊരു സന്തോഷ വാർത്ത.

ഗൾഫിൽ നിന്നും നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തുന്നു. വൺവേയ്ക്ക് 26500 രൂപയാണ് (1250 ദിർഹം) നിരക്ക്. സ്വകാര്യ ട്രാവൽ ഏജൻസി (അൽഹിന്ദ്) ആണു സർവീസിനു ചുക്കാൻ പിടിക്കുന്നത്. തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം 183 യാത്രക്കാരുമായി ഇന്നലെ ദുബായിൽനിന്നു പുറപ്പെട്ടു. ടിക്കറ്റ് വർധന മൂലം അവധിക്കാലത്തു നാട്ടിലേക്കു പോകാൻ സാധിക്കാത്ത കുടുംബങ്ങളുടെ ആവശ്യാർഥമാണു ചാർട്ടേർഡ് വിമാന സർവീസ് നടത്തുന്നത്.

ഏഴിനു റാസൽഖൈമയിൽ നിന്ന് ഒരു വിമാനവും 8ന് ഷാർജയിൽ നിന്നു കോഴിക്കോട്ടേക്ക് 2 വിമാനങ്ങളും ഉൾപ്പെടെ മൊത്തം 4 വിമാനങ്ങളിലാണു പ്രവാസികളെ നാട്ടിൽ എത്തിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ വിമാനങ്ങൾ ചാർട്ടർ ചെയ്യാനും ഏജൻസിക്കു പദ്ധതിയുണ്ട്. ഈ മാസം 7ന് യുഎഇയിൽ നിന്നു കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവങ്ങളിലേക്ക് ഒരാൾക്കു വൺവേ ടിക്കറ്റിനു ശരാശരി 42,000 രൂപയാണു സാധാരണ വിമാനങ്ങളിൽ നിരക്ക്.

മുംബൈ, ഡൽഹി തുടങ്ങി മറ്റു സെക്ടറുകൾ വഴി കണക്ഷൻ വിമാനത്തിലാണ് ഈ നിരക്ക്. എയർ അറേബ്യ, ഇൻഡിഗോ എന്നീ വിമാനങ്ങളിൽ നേരിട്ടു പോകാനായി അവശേഷിക്കുന്ന ഒന്നോ രണ്ടോ സീറ്റുകൾക്ക് 52,000 രൂപയാണു വൺവേ നിരക്ക്. ഇത്തിഹാദിൽ 89,000 രൂപയും. ഈ ദിവസം നാലംഗ കുടുംബത്തിനു നേരിട്ടുള്ള വിമാനത്തിൽ പോകണമെങ്കിൽ വൺവേയ്ക്ക് 2 ലക്ഷത്തോളം രൂപ നൽകണം. കണക്ഷൻ വിമാനത്തിലാണെങ്കിൽ 1,65,000 രൂപയും. ഓഗസ്റ്റ് 15നു ശേഷം തിരിച്ചു വരണമെങ്കിലും ഇതേ നിരക്കോ അതിൽ കൂടുതലോ നൽകണം.

ഭൂരിഭാഗം വിമാനങ്ങളിലും സീറ്റില്ല അതുകൊണ്ടു തന്നെ ഓഗസ്റ്റ് 29ന് യുഎഇയിൽ സ്‌കൂൾ തുറക്കുന്നതിനു മുൻപു നാട്ടിലുള്ള പ്രവാസി കുടുംബങ്ങൾക്കു തിരിച്ചെത്താനും ചാർട്ടേർഡ് വിമാന സർവീസ് വേണ്ടി വരും. മറ്റൊരു സ്വകാര്യ ട്രാവൽ ഏജൻസിയുടെ നേതൃത്വത്തിലും ഇന്ന് റാസൽഖൈമയിൽ നിന്നു കോഴിക്കോട്ടേക്കു ചാർട്ടേഡ് വിമാന സർവീസ് നടത്തുന്നുണ്ട്.

നേരത്തെ ബുക്ക് ചെയ്തവർക്ക് 1090 ദിർഹത്തിനാണു (23500 രൂപ) ടിക്കറ്റ് നൽകിയത്. ഈ മാസം ഒന്നിനു മറ്റൊരു ഗ്രൂപ്പിനു കീഴിൽ 2 ചാർട്ടേഡ് വിമാനം ദുബായിൽ നിന്നു കോഴിക്കോട്ടേക്കു പോയിരുന്നു. ഈ വിമാനത്തിൽ പോയവർക്കായി ഓഗസ്റ്റ് 15ന് കോഴിക്കോട്ടു നിന്നു ദുബായിലേക്കു തിരിച്ചുവരാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.