ഴിഞ്ഞ ആറു മാസത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഏഷ്യക്കാരുടെ പട്ടികയിൽ സ്ഥാനം നേടി നടിയും മോഡലുമായ ഉർഫി ജാവേദ്. നിരവധി പ്രമുഖരെ പിന്തള്ളി പട്ടികയിൽ സച്ചിൻ ടെൻഡുൽക്കർ, നടിമാരായ കങ്കണ റനൗട്ട്, ശിൽപ ഷെട്ടി, കിയാര അദ്വാനി, ജാൻവി കപൂർ, കീർത്തി സുരേഷ് എന്നിവർക്കും മുകളിലാണ് ഉർഫിയുടെ സ്ഥാനം. നൂറു പേരുടെ പട്ടികയിൽ 57 ാം സ്ഥാനത്താണ് താരം.

തുടർച്ചയായ ഫാഷൻ പരീക്ഷണങ്ങളും ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമാണ് ഉർഫി പട്ടികയിൽ ഇടം നേടാൻ കാരണമായി. അൾട്രാ ഗ്ലാമറസ് ലുക്കുകളിലാണ് താരം പലപ്പോഴും പ്രത്യക്ഷപ്പെടാറ്. ഹോളിവുഡ് താരങ്ങളുടെ റെഡ് കാർപറ്റ് ലുക്കുകൾ അനുകരിച്ചായിരുന്നു തുടക്കം. ഫാഷനിൽ ചങ്ങല, ചാക്ക്, വയർ എന്നിവയെല്ലാം ഉർഫിയുടെ ഫാഷൻ പരീക്ഷണങ്ങളിൽ ഇടം പിടിച്ചു. ഒപ്പം വിവാദങ്ങളും വിമർശനങ്ങളും ശക്തിയാർജ്ജിച്ചു. ഡിസൈനർമാർ തനിക്കൊപ്പം പ്രവർത്തിക്കാൻ തയാറാകുന്നില്ലെന്ന് ഉർഫി വെളിപ്പെടുത്തി. വിമർശകരോട് സ്വന്തം കാര്യം നോക്കാനായിരുന്നു പ്രതികരിച്ചത്.

തന്നെ വിമർശിച്ച ഡിസൈനർ ഫറാ ഖാനെതിരെ ഉർഫി രംഗത്തെത്തിയതും വാർത്തയായി. പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയ്ക്ക് പകരം ഉർഫിയെ വെടിവച്ചു കൊല്ലണമായിരുന്നു എന്ന് ഒരാൾ കമന്റിട്ടത് വിവാദമായി. 'നെഗറ്റീവ് പബ്ലിസിറ്റി' ഫലപ്രദമായി ഉപയോഗിക്കാൻ ഉർഫിക്ക് സാധിച്ചതോടെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻവർധനവുണ്ടായി. നിലവിൽ ഇൻസ്റ്റഗ്രാമിൽ 32 ലക്ഷം ഫോളോവേഴ്‌സുണ്ട്.

കൊറിയൻ പോപ് ബാൻഡിലെ അംഗങ്ങളായ വി, ജംഗൂക് എന്നിവരാണ് ലിസ്റ്റിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയാണ് മൂന്നാമത്. ലത മങ്കേഷ്‌കർ, കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, വിരാട് കോലി എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യക്കാർ.