ഡബ്ലിൻ : സീറോ മലബാർ യൂത്ത് മൂവമെന്റ് (എസ്.എം.വൈ.എം) സംഘടിപ്പിക്കുന്ന യൂറോപ്യൻ യുവജന സംഗമം 'ഗ്രാന്റ് എവേക്ക് 2022', ഓൾ അയർലണ്ട് യുവജന സംഗമം 'എവേക്ക് അയർലണ്ട്' എന്നിവ നാളെ ജൂലൈ 6 ബുധനാഴ്ച ഉത്ഘാടനം ചെയ്യും. ഡബ്ലിൻ യൂണിവേഴ്‌സിറ്റി കോളേജിലെ ന്യൂമാൻ ബിൽഡിങ്ങിൽ യൂറോപ്പിനായുള്ള സീറോ മലബാർ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് സംഗമം ഉത്ഘാടനം ചെയ്യും.

സീറോ മലബാർ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ, യൂറോപ്പ് സീറോ മലബാർ യൂത്ത് അപ്പസ്‌തോലിക് ഡയറക്ടർ റവ. ഡോ. ബിനോജ് മുളവരിക്കൽ, എസ്. എം. വൈ.എം. അയർലണ്ട് അസോസിയേറ്റ് ഡയറക്ടർ ഫാ. ജയിൻ മാത്യു മണ്ണത്തൂകാരൻ എന്നിവർ പങ്കെടുക്കും. അമേരിക്കൻ ഗായകൻ ജോ മെലെൻഡ്രെസ്, ഫാ. രാജീവ് ഫിലിപ്പ് (യു.എസ്.എ.), ജെസ്റ്റിൻ അരീക്കൽ (ജർമനി) എന്നിവർ ആദ്യദിനം ക്ലാസുകൾ നയിക്കും. വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ നാഷണൽ കോർഡിനേറ്റേഴ്‌സും, ഡബ്ലിൻ സോണൻ ചാപ്ലിന്മാരായ ഫാ. ജോസഫ് ഓലിയക്കാട്ട്, ഫാ. റോയ് വട്ടക്കാട്ട് എന്നിവരും പരിപാടിക്ക് നേതൃത്വം നൽകും.

ബുധനാഴ്ച് ഉച്ചകഴിഞ്ഞ് 2:30 മുതൽ എം ടി.വി യിലൂടേയും വിവിധ സംഗീത ആൽബങ്ങളിലൂടേയും പ്രശസ്തനായ അമേരിക്കൻ ഗായകൻ ജോ മെലെൻഡ്രെസിന്റേയും ടീമിന്റേയും സംഗീത പരിപാടി നടക്കും. അമേരിക്കയിലെ ഏറ്റവും പ്രശസ്തരായ കത്തോലിക്കാ കലാകാരന്മാരിൽ ഒരാളായ ജോ മെലെൻഡ്രെസ് റോക്ക് സിംഗറും, പ്രചോദിപ്പിക്കുന്ന പ്രഭാഷകനും, റിട്രീറ്റ് ലീഡറുമാണ്. പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ പറ്റുംവിധം ക്രമീകരിച്ചിരിക്കുന്ന ഈ സംഗീത പരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

ജൂലൈ 6 മുതൽ 10 വരെ നടക്കുന്ന യൂറോപ്യൻ യുവജന സംഗമത്തിൽ ('ഗ്രാന്റ് എവേക്ക് 2022') യൂറോപ്പിലെ 22 രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കും.

പ്രചോദനാത്മകമായ സംഭാഷണങ്ങൾ, ദിവ്യകാരുണ്യ ആരാധന, നേതൃത്വപരിശീലന ക്യാമ്പുകൾ, ആത്മീയ സംഗീത വിരുന്ന്, പഠന വിനോദ യാത്രകൾ എന്നിവയാണ് ഗ്രാന്റ് എവേക്ക് 2022 ന്റെ പ്രത്യേകത.

ആത്മീയതയിലും, കൂട്ടായ്മയിലുമുള്ള യുവത്വത്തിന്റെ ഉണർവ്വാണ് ഈ സംഗമത്തിന്റെ ലക്ഷ്യം. 2017 ൽ റോമിൽ ആദ്യ 'ഗ്രാൻഡ് എവേക്ക്' നടന്നു. പിന്നീട് 2018 ൽ സ്വിറ്റ്സർലൻഡിലും. 2019 ൽ അയർലണ്ടിൽ നടക്കാനിരുന്ന ഗ്രാന്റ് എവേക്ക് കോവിഡ് പ്രതിസന്ധിയിൽ മാറ്റിവയക്കപ്പെടുകയായിരുന്നു. കോവിഡ് മഹാമാരിക്കാലഘട്ടത്തിൽ വെർച്ച്വൽ മീറ്റിങ് പ്ലാറ്റുഫോമുകളിലൂടെ യൂറോപ്പിലെ 22 രാജ്യങ്ങളിലും പൂത്തുലഞ്ഞ എസ്.എം.വൈ.എം യൂറോപ്പ് ഗ്രാന്റ് എവേക്ക് 2022 ൽ അയർലണ്ടിൽ ഒത്തുചേരുന്നു. യൂറോപ്പിലെ വ്യത്യസ്ത സാമൂഹിക ആത്മീയ കാഴ്ചപ്പാടുള്ള യുവജനങ്ങളെ വ്യത്യസ്ത ആശയങ്ങൾക്കും ഭാഷകൾക്കുമിടയിലും സുറിയാനി ക്രൈസ്തവരെന്ന ആത്മബോധം എസ്.എം.വൈ.എം. എന്ന പ്രസ്ഥാനത്തെ ഹൃദയത്തോടെ ചേർത്തുനിർത്താൻ സഹായിക്കുന്നു. യുവ നേതാക്കൾക്ക് അവരുടെ ശുശ്രൂഷയിൽ വ്യക്തതയും, ദൈവിക സംരക്ഷണത്തിലുള്ള ശക്തമായ ബോധ്യവും നൽകിക്കൊണ്ട് ഗ്രാൻഡ് എവേക്ക് എസ്.എം.വൈ.എം ചൈതന്യത്തെ കൂടുതൽ ശക്തിപ്പെടുത്തും. അതിലൂടെ അവർക്ക് തങ്ങളുടെ ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും, ഈ വെളിച്ചം അവരുടെ സഹോദരങ്ങളിലേക്ക് പകരാനും സാധിക്കും.

ജൂലൈ 6 നു അയർലണ്ടിലെ യുവജനങ്ങളുടെ പ്രഥമ സമ്മേളനം 'എവേക്ക് അയർലണ്ട്' ഈ വേദിയിൽ വച്ച് നടത്തപ്പെടും. റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ യുവജനങ്ങൾ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ഡബ്ലിനിൽ യൂറോപ്യൻ യുവജനങ്ങളോടൊപ്പം ഒത്തുചേരും. എവേക്ക് അയർലണ്ടിനുള്ള രജിസ്‌ട്രേഷൻ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ് സൈറ്റിലെ (www.syromalabar.ie) പാരീഷ് മാനേജ്‌മെന്റ് സിസ്റ്റം (പി.എം. എസ്) വഴി തുടരുന്നു. ക്രിസ്തുവിൽ ആഴപ്പെടുന്നതോടൊപ്പം സീറോ മലബാർ സഭയേയും അതിന്റെ അപ്പസ്തോലിക പാരമ്പര്യവും അനുഭവിച്ചറിയുക, സീറോ മലബാർ സഭയുടെ ദൗത്യത്തിലേക്കും പ്രവർത്തനങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കുക, അവരെ മിഷനറി ചൈതന്യമുള്ള തീർത്ഥാടകരാക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് ഈ സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.

ഡബ്ലിൻ സീറോ മലബാർ സോണൽ കോർഡിനേഷൻ കൗൺസിൽ ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ പത്തിനു ഗ്രാന്റ് അവേക്ക് സമാപിക്കും