മസ്‌കത്ത്: താമസ, വാണിജ്യ കെട്ടിടങ്ങൾക്ക് സമീപം വാഹനങ്ങൾ വൃത്തിയാക്കുന്നതും പോളിഷ് ചെയ്യുന്നതും മസ്‌കത്ത് മുനിസിപ്പാലിറ്റി നിരോധിച്ചു. ആരോഗ്യപരമായ കാര്യങ്ങൾ കണക്കിലെടുത്താണ് ഇത്തരം സേവനങ്ങൾക്കുള്ള ലൈസൻസ് ഇനി നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത്. പാർപ്പിട പ്രദേശങ്ങളിൽ വാഹനങ്ങൾ കഴുകുന്നതുമൂലം വെള്ളം ചോരുന്നതും മാലിന്യം വർധിക്കുന്നതുമായി പരിസരവാസികൾ പരാതിപ്പെട്ടിരുന്നു.

ശുചിത്വവും പൊതുജനാരോഗ്യവും നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പാലിറ്റി പുതിയ തീരുമാനമെടുത്തിരിക്കുന്നത്.

ഇത്തരം സേവനങ്ങൾ വ്യവസായിക മേഖലകളിലും ഇന്ധന സ്റ്റേഷനുകളിലും മാത്രമായി പരിമിതപ്പെടുത്തുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. അതേസമയം, വാണിജ്യ, താമസ കെട്ടിടങ്ങളിൽ കാർ വൃത്തിയാക്കുന്നതിനും പോളിഷ് ചെയ്യുന്നതിനും ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് അവയുടെ പദവി ക്രമീകരിക്കുന്നതിന് അഞ്ച് വർഷത്തെ സാവകാശം നൽകിയതായി മുനിസിപ്പാലിറ്റി അറിയിച്ചു