അബുദാബി: ബലിപ്പെരുന്നാൾ വാരാന്ത്യത്തോട് അനുബന്ധിച്ച് കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി. ബലിപ്പെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി പിസിആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.

ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പിസിആർ പരിശോധനയുടെ ഫലം ഹാജരാക്കണം. മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. പെരുന്നാൾ നമസ്‌കാരവും ഖുതുബയും 20 മിനിറ്റിനകം പൂർത്തിയാക്കണം.

പ്രാർത്ഥനയ്ക്ക് എത്തുന്നവർ നമസ്‌കാര പായ (മുസല്ല) കൊണ്ടുവരണം. മാസ്‌ക് ധരിക്കുകയും ഒരു മീറ്റർ അകലം പാലിക്കുകയും വേണം. ഹസ്തദാനമോ ആലിംഗനമോ പാടില്ല. ബലിപ്പെരുന്നാൾ പ്രമാണിച്ച് ജൂലൈ എട്ടു മുതൽ 11-ാം തീയതി വരെ അവധിയാണ്.