ലഖ്നൗ: ഹിന്ദുദൈവങ്ങളുടെ ചിത്രമുള്ള കടലാസിൽ കോഴിയിറച്ചി വിഭവം പൊതിഞ്ഞുനൽകിയ ഭക്ഷണശാലാ ഉടമ അറസ്റ്റിൽ. താലിബ് ഹുസൈൻ എന്നായാളെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ, 295 എ, 307 എന്നീ വകുപ്പുകളാണ് ഹുസൈനുമേൽ ചുമത്തിയിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിന്മേലാണ് ഹുസൈനെ അറസ്റ്റ് ചെയ്തത്. കൂടാതെ, അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കത്തികൊണ്ട് ആക്രമിച്ചെന്ന കുറ്റവും ഹുസൈനുമേൽ ചുമത്തിയിട്ടുണ്ട്.

കോഴിയിറച്ചികൊണ്ടുള്ള വിഭവം, ഹിന്ദുദേവന്റെയും ദേവിയുടെയും ചിത്രമുള്ള കടലാസിൽ പൊതിഞ്ഞാണ് ഹുസൈൻ വിൽപന നടത്തിയതെന്നും ഇതിലൂടെ തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്നും ചിലർ പരാതി നൽകിയതായി പൊലീസ് വാർത്താ ഏജൻസിയായ പി.ടി.ഐയോടു പറഞ്ഞു. തുടർന്ന് പൊലീസ് സംഘം കടയിലെത്തിയപ്പോൾ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഹുസൈൻ കത്തികൊണ്ട് ആക്രമിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.