- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നന്നായി കളിക്കാൻ വിരാട് കോലി ശ്രമിക്കുന്നു; പക്ഷേ ചില ദൗർഭാഗ്യങ്ങൾ ഒപ്പമുണ്ട്; പുറത്താകുന്നത് ഏറ്റവും പ്രയാസമേറിയ പന്തുകളിൽ'; പിന്തുണയുമായി വീണ്ടും സൽമാൻ ഭട്ട്

എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തോൽവി വഴങ്ങിയതിന് പിന്നാലെ വിരാട് കോലിയുടെ ഫോം ഔട്ട് വീണ്ടും ചർച്ചയാവുകയാണ്. ടീമിന് ബാധ്യതയാകുന്ന തലത്തിലേക്ക് കോലി മാറുന്നുവെന്നുവരെ വിമർശനമുയർന്നു കഴിഞ്ഞു.
വിരാട് കോഹ്ലിയുടെ സെഞ്ചുറി പ്രതീക്ഷിച്ച ആരാധകർ നിരാശപ്പെടുന്ന കാഴ്ചയാണ് എഡ്ജ്ബാസ്റ്റണിലും കണ്ടത്. അവസാന 75 ഇന്നിങ്‌സിൽ ഒരു തവണ പോലും മൂന്നക്ക സ്‌കോർ കണ്ടെത്താൻ മുൻ ഇന്ത്യൻ നായകന് കഴിഞ്ഞില്ല. ഈ മങ്ങിയ ഫോം നേതൃസ്ഥാനം പോലും കോലിക്ക് നഷ്ടമാക്കി.
ക്യാപ്റ്റന്റെ സമ്മർദമൊഴിഞ്ഞാൽ വിരാട സെഞ്ചുറികളുടെ കാലം വീണ്ടും വരുമെന്നായിരുന്നു ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. പക്ഷേ, കാത്തിരിപ്പ് നീളുകയാണ്. ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റിൽ ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ചേതേശ്വർ പുജാരയും ജസ്പ്രീത് ബുംറയും ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ വിരാട് കോഹ്ലി എന്ന സൂപ്പർ ബാറ്റർ നനഞ്ഞ പടക്കമായി. ഒന്നാം ഇന്നിങ്‌സിൽ 11 റൺസിനും രണ്ടാം ഇന്നിങ്‌സിൽ 20 റൺസിനുമാണ് കോഹ്ലി പുറത്തായത്. ഒന്നാം ഇന്നിങ്‌സിൽ മാത്യു പോട്സിന്റെ പന്തിൽ കുറ്റി തെറിച്ചപ്പോൾ രണ്ടാം ഇന്നിങ്‌സിൽ ബെൻ സ്റ്റോക്സിന്റെ പന്തിൽ ജോ റൂട്ടിന് ക്യാച്ച് നൽകി.
എന്നാൽ, കോഹ്ലിയെ ഈ വിഷമഘട്ടത്തിൽ പിന്തുണച്ച് പാക്കിസ്ഥാൻ മുൻ ഓപണർ സൽമാൻ ഭട്ട് രംഗത്ത് വന്നത് ശ്രദ്ധേയം. സൽമാൻ പറയുന്നത് വിരാട് കോലിയുടെ ഫോം മികച്ചത് തന്നെ എന്നാണ്. നന്നായി കളിക്കാൻ വിരാട് ആത്മാർഥമായി ശ്രമിക്കുന്നു, പക്ഷേ ചില ദൗർഭാഗ്യങ്ങൾ ഒപ്പമുണ്ട്. ഏറ്റവും പ്രയാസമേറിയ പന്തുകളിലാണ് വിരാട് പുറത്താകുന്നത്. തുടക്കത്തിൽ തന്നെ അത്തരം പന്തുകൾ വിരാടിന് ദൗർഭാഗ്യകരമായ പുറത്താകൽ ഒരുക്കുന്നുവെന്ന് മുൻ പാക് താരം നിരീക്ഷിക്കുന്നു.
ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്‌സിൽ പോട്സിന്റെ പന്ത് ലീവ് ചെയ്തതാണ് വിരാട്. പക്ഷേ, ആ പന്ത് ബാറ്റിൽ കൊണ്ട് വിക്കറ്റിൽ കൊണ്ടു. പുറത്തായത് ഉൾക്കൊള്ളാൻ സാധിക്കാതെയാണ് കോഹ്ലി പവലിയനിലേക്ക് മടങ്ങിയത്.
വിരാട് കോഹ്ലിയുടെ വലിയ ആരാധകനാണ് സൽമാൻ ഭട്ട്. നേരത്തെ, ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് കോഹ്ലിയെ മാറ്റിയപ്പോൾ സൽമാൻ ഭട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. 70 സെഞ്ചുറികൾ നേടിയ രാജ്യത്തിന്റെ അഭിമാനമായ താരത്തോട് ബി.സി.സിഐ നന്ദികേട് ചെയ്തുവെന്നാണ് സൽമാൻ അന്ന് പറഞ്ഞത്. കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കുമ്പോൾ യുവതാരങ്ങൾക്ക് എന്ത് സന്ദേശമാണ് ലഭിക്കുകയെന്നും സൽമാൻ ഭട്ട് ചോദിച്ചിരുന്നു. ഇപ്പോൾ കോഹ്ലിയുടെ ഫോം വീണ്ടും ചർച്ചയാകുമ്പോഴും പിന്തുണച്ച് എത്തുകയാണ് സൽമാൻ ഭട്ട്.


