തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ വിമർശിച്ച മന്ത്രി സജി ചെറിയാനെ ന്യായികരിച്ച് സിപിഎം നേതൃത്വം രംഗത്ത് വന്നതിന് പിന്നാലെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ഓഗസ്റ്റ് 15-നെ ആപത്ത് 15 എന്ന് വിശേഷിപ്പിച്ച കമ്യൂണിസ്റ്റ് പാർട്ടി അംഗമായതിനാൽ ഭരണഘടനയെ തള്ളിപ്പറഞ്ഞ സജി ചെറിയാനെ ആക്ഷേപിക്കില്ലെന്ന് രാഹുൽ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇന്ത്യയിൽ ഭരണഘടനയെ അംഗീകരിക്കാത്ത രണ്ട് വിഭാഗത്തിൽ ഒന്നായ സംഘപരിവാർ ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും മനുസ്മൃതി ഭരണഘടനയാക്കണമെന്നാണെന്നും എന്നാൽ മറ്റേ വിഭാഗമായ 'കൂപമണ്ഡൂകങ്ങൾ' എന്താണ് ആഗ്രഹിക്കുന്നതെന്ന് തുറന്നു പറഞ്ഞാൽ കൊള്ളാമെന്നും രാഹുൽ പരിഹസിച്ചു.

അംബേദ്ക്കർ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തോട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്ന എതിർപ്പിന്റെ ഭാഗമാണോ സജി ചെറിയാനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു പ്രത്യയശാസ്ത്രം കണക്കെ ആവർത്തിച്ചു വരുന്ന ദളിത് വിരുദ്ധത കൊണ്ട് ദളിത് വിഭാഗത്തിൽ പെട്ട അംബേദ്ക്കർ എന്ന മഹാമനുഷ്യൻ തയ്യാറാക്കിയ ഭരണഘടനയെ വെറുമൊരു കേട്ടെഴുത്ത് മാത്രമായിരിക്കും എന്ന സവർണബോധമാണോ സജി ചെറിയാൻ പങ്കുവെച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാരണം എന്തുതന്നെ ആയാലും ഭരണഘടനയെ മുൻനിർത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി പരസ്യമായി ഭരണഘടനയെ അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്ത സാഹചര്യത്തിൽ സജി ചെറിയാൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ചൊഴിഞ്ഞ് നിയമനടപടികൾ സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. സജി ചെറിയാൻ മന്ത്രിയായി അധികാരമേൽക്കുന്ന ഫോട്ടോയും രാഹുൽ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.