ഹൈലാന്റ്(ഷിക്കാഗോ): ഇന്ന് രാവിലെ നടന്ന സ്വാതന്ത്ര്യദിന റാലിക്കു നേരെ വീടിന്റെ ടെറസ്സിൽ നിന്നും ഓട്ടോമാറ്റിക്ക് റൈഫിൾ ഉപയോഗിച്ചു വെടിവെച്ചതിനെ തുടർന്ന് 6 പേർ മരിക്കുകയും 30 ൽ പരം പേർക്കു പരിക്കേൽക്കുകയും ചെയ്ത കേസ്സിൽ പ്രതിയെന്ന് സംശയിക്കുന്ന ഇരുപത്തിരണ്ടുകാരൻ റോബർട്ട് ഇ. ക്രിമൊ എ്ന്ന യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

നോർത്ത് ഷിക്കാഗോയിൽ നിന്നും ഏകദേശം 25 മൈൽ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഹൈലാന്റിൽ സ്വാതന്ത്രദിനറാലിയിൽ പങ്കെടുക്കുവാൻ കുട്ടികളും, യുവാക്കളും, മാതാപിതാക്കളും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം എത്തിയിരുന്നു. റാലിക്കു നേരെ വെടിയുതിർത്തതിനുശേഷം രക്ഷപ്പെട്ട വാനിൽ സഞ്ചരിക്കുന്നതിനിടെ ട്രാഫിക്ക് സ്റ്റോപ്പിൽ വച്ചാണ് പൊലീസ് പിടികൂടിയത്. യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ പ്രതി കീഴടങ്ങി.

വെടിയേറ്റവരിൽ മുതിർന്ന അഞ്ചുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. 26 പേരെ ഹൈലാന്റ് പാർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.

സംഭവത്തെ പ്രസിഡന്റ് ബൈഡനും, പ്രഥമ വനിതയും അപലപിച്ചു. സ്വാതന്ത്ര്യദിനത്തിൽ ഇങ്ങനെ സംഭവിച്ചത്. താങ്ങാനാവാത്ത വേദനയാണ്. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ പ്രസിഡന്റ് അഭിനന്ദിച്ചു. ചിക്കാഗൊ ഗവർണ്ണർ ജൊബി പ്രിറ്റ്ങ്കറും സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുകയും ചെയ്തു.