- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രിക്കെതിരെ ഗവർണർ നടപടി സ്വീകരിക്കണം; സജി ചെറിയാനെതിരെ ലോയേഴ്‌സ് ഫോറത്തിന്റെ പരാതി
തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാനെതിരെ ഭരണഘടനാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി. കേരളാ ലോയേഴ്‌സ് ഫോറമാണ് പരാതി നൽകിയത്.
ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രിക്കെതിരെ ഭരണഘടനാപരമായ നടപടി ഗവർണർ സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. മുഖ്യമന്ത്രിയുടെ ശുപാർശപ്രകാരം ഗവർണറാണ് മന്ത്രിയാകാൻ അംഗീകാരം നൽകിയത്. അതിനാൽ ഭരണഘടനയെ വെല്ലുവിളിച്ച മന്ത്രിയുടെ നിലപാടിൽ ഗവർണർ അതൃപ്തി രേഖപ്പെടുത്തി തുടർ നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്.
അതേ സമയം, ഭരണഘടനയെ അധിക്ഷേപിച്ച പ്രസംഗത്തിൽ മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകി. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്നും സത്യപ്രതിഞ്ജ ലംഘനം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. പരാതി ഫയലിൽ സ്വീകരിച്ച കോടതി വെള്ളിയാഴ്ച പരിഗണിക്കും. ബൈജു നോയൽ ഇന്നലെ പൊലീസിൽ കൊടുത്ത പരാതിയിൽ നടപടി എടുക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
വിഷയത്തിൽ പത്തനംതിട്ട എസ്‌പിക്ക് കിട്ടിയ പരാതികൾ തിരുവല്ല ഡിവൈഎസ്‌പിക്ക് കൈമാറി. ഈ പരാതികളിൽ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ പൊലീസിന് ആശയക്കുഴപ്പം തുടരുകയാണ്. സംസ്ഥാന തലത്തിൽ നിന്നുള്ള നിർദേശത്തിന് ശേഷം മാത്രമേ പൊലീസ് നടപടികളിലേക്ക് കടക്കുകയുള്ളു. മന്ത്രിയുടെ പ്രസംഗം പരിശോധിച്ച ശേഷം നിയമ ഉപദേശം തേടുന്നതിനെ പറ്റിയാണ് പൊലീസ് ആലോചിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ