പാലക്കാട്: ചികിത്സാപ്പിഴവുമൂലം രോഗികൾ തുടർച്ചയായി മരണമടയുന്നുവെന്ന ആരോപണം നിലനിൽക്കെ പാലക്കാട് തങ്കം ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശം. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം പ്രയോഗിക്കുന്നത്.

കളക്ടർ ചെയർമാനും ഡിഎംഒ വൈസ് ചെയർമാനുമായുള്ള ജില്ലാ രജിസ്റ്ററിങ് അഥോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ചികിത്സാ പിഴവ് മൂലം രോഗികൾ തുടർച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

പാലക്കാട് തങ്കം ആശുപത്രിക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നതോടെയാണ് കർശന നടപടി. ചിറ്റൂർ-തത്തമംഗലം ചെമ്പകശ്ശേരിയിൽ എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയാണ് (25) പാലക്കാട് പടിഞ്ഞാറേ യാക്കരയിലുള്ള തങ്കം ആശുപത്രിയിൽ വെച്ച് തിങ്കളാഴ്ച മരിച്ചത്. ഐശ്വര്യയുടെ കുഞ്ഞ് പ്രസവ സമയത്ത് തന്നെ മരിച്ചിരുന്നു. ചികിത്സാപ്പിഴവുകൊണ്ടാണിതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർക്കെതിരേ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 എ വകുപ്പുപ്രകാരം മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇതേ ആശുപത്രിയിൽ വെച്ച് ചികിത്സക്കിടെ മറ്റൊരു യുവതി കൂടി മരണപ്പെടുന്നത്. കോങ്ങാട് ചെറായ കാക്കറത്ത് ഹരിദാസിന്റെ മകൾ കാർത്തികയാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. ചെറുപ്പത്തിൽ പോളിയോ ബാധിച്ച കാർത്തികയുടെ കാലിൽ ശസ്ത്രക്രിയ നടത്താൻ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ, ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിനിടെ കാർത്തിക മരിക്കുകയാണുണ്ടായത്. അനസ്തേഷ്യ നൽകിയതിലെ അപാകമാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

കാർത്തികയ്ക്ക് അനസ്‌തേഷ്യ നൽകാൻ ട്യൂബ് ഇറക്കരുതെന്ന് പറഞ്ഞു. എന്നിട്ടും ആശുപത്രി അധികൃതർ ട്യൂബ് ഇറക്കി. അങ്ങനെയാണോ അനസ്‌തേഷ്യ നൽകേണ്ടത്, എന്താണ് നടന്നതെന്ന് അറിയണം. ആശുപത്രിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും മരിച്ച കാർത്തികയുടെ ബന്ധുക്കൾ വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്കിടെ പാലക്കാട് തങ്കം ആശുപത്രിയിൽ കഴിഞ്ഞ ദിവസം ആണ് ഭിന്ന ശേഷിക്കാരിയായ കാർത്തിക മരിച്ചത്. അനസ്‌തേഷ്യ നൽകുന്നതിലെ പിഴവ് ആണ് മരണ കാരണം എന്നാണ് കുടുംബം ആരോപിക്കുന്നത്.ഇന്നലെ രാത്രി 7 മണിക്ക് ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച കാർത്തിക രാത്രി 9 മണിക്കാണ് മരിച്ചത്. ഹൃദയാഘാതം ഉണ്ടായി എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത് എന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ചികിത്സാപ്പിഴവുമൂലം തുടരെത്തുടരെ രോഗികൾ മരണമടയുന്നു എന്ന ആരോപണം ആശുപത്രിക്കെതിരെ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രസവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ പൊലീസ് മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയ ശേഷമേ തുടർ നടപടി ഉണ്ടാകു

അതേസമയം മൂന്ന് മരണങ്ങളിലും ചികിൽസാ പിഴവില്ലെന്നാണ് തങ്കം ആശുപത്രി അധികൃതരുടെ വിശദീകരണം. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും തങ്കം ആശുപത്രി അധികൃതർ അറിയിച്ചു,