സണ്ണിവെയ്ൽ (ഡാളസ്): ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടി 246 വർഷം പിന്നിടുമ്പോൾ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനറാലിയുടെ ഭാഗമായി ടെക്‌സസ്സിലെ സണ്ണിവെയ്ൽ സിറ്റിയിലും വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലി ആകർഷകമായി.

കടുത്ത ചൂടിനെ പോലും അവഗണിച്ചു റാലിയിൽ പങ്കെടുക്കുവാൻ നൂറുകണക്കിനാളുകളാണ് സണ്ണിവെയ്ൽ സിറ്റി ഹോംസ്റ്റെയിലുള്ള ന്യൂഹോപ് കോർണറിൽ എത്തിചേർന്നത്. സൈക്കിളുകളിലും വാഹനത്തിലും, കാൽനടയായും മുന്നേറി നീങ്ങിയ റാലി ന്യൂഹോപ്, ഓർഡഗേറ്റ്, ക്രീക്ക് വുഡ്, ബീവർ, ഓർച്ചാർഡ്, ഹിഡൻ ലേക്ക്, ഈഗിൾ ക്രസ്റ്റ് എന്നിവിടങ്ങളിൽ ചുറ്റികറങ്ങിയശേഷം ലേക്ക് സൈഡിൽ സമാപിച്ചു.

സണ്ണിവെയ്ൽ മലയാളി മേയർ സജി ജോർജ്ജ്, സണ്ണിവെയ്ൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥർ, കൗൺസിലർമാർ, ഫിലിപ്പ് സാമുവേൽ, രാജൻകുഞ്ഞ്, തുടങ്ങിയവർ റാലിയിൽ പങ്കെടുത്തിരുന്നു.

പാൻഡമിക്കിനുശേഷം പുനരാരംഭിച്ച പരേഡിന് പതിവിൽ കവിഞ്ഞ് കുട്ടികളുടേയും, യുവജനങ്ങളുടെയും സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

റാലി വീക്ഷിക്കുവാൻ റോഡിനിരുവശവും ധാരാളം പേർ നിരന്നിരുന്നു. റാലിയുടെ സമാപത്തിൽ പങ്കെടുത്തവർക്കു ലഘുഭക്ഷണവും, ഡ്രിങ്ക്‌സും ഒരുക്കിയിരുന്നു.