മേരിക്കൻ ഐക്യനാടുകളിലെ മലയാളികളുടെ ആശ്രയവും, പ്രതീക്ഷയുമാണ് ഫോമാ.ആരംഭകാലം മുതൽ പ്രവാസിമലയാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും, കേരളത്തിലെ സാമൂഹ്യ പരിവർത്തനത്തിൽ സാധാരണക്കാരന്റെ പുരോഗതി ഉറപ്പ് വരുത്തുന്നതിനും, ഫോമാ ഊന്നൽ നൽകിയിരുന്നു. നേതൃത്വത്തിൽ ആരുമാകട്ടെ, സാമൂഹ്യ പുരോഗതിക്ക് മുൻഗണന എന്നതായിരുന്നു മുഖ്യ വിഷയം. അതിനിപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല എന്നത് കോവിഡ് കാലത്തും അതിനും മുൻപും പിൻപും ഫോമാ ചെയ്തിട്ടുള്ള സേവനങ്ങൾ വിലയിരുത്തിയാൽ ബോധ്യമാകും.

മലയാളി സമൂഹവും, കേരളവും, വലിയ വെല്ലുവിളികളെ നേരിട്ട പ്രളയകാലത്തും, കോവിഡ് കാലത്തും, അതിനു ശേഷവും, കേരളത്തിലുടനീളം മലയാളികൾക്ക് സഹായവുമായി എത്തിച്ചേർന്നത് ഫോമയാണ്. കാരുണ്യ സേവന സന്നദ്ധ മേഖലയിൽ ഫോമാ അവഗണിക്കാനാവാത്ത ഒരു പേരായി എഴുതി ചേർത്തത് വെറും പതിനാല് വർഷങ്ങൾ കൊണ്ടാണ്. ഫോമയുടെ വരുംകാല പ്രവർത്തനങ്ങളിൽ ഫോമയുടെ പ്രവർത്തനങ്ങളെ കൂടുതൽ ഊർജ്ജസ്വലമാക്കാൻ പുതിയ സാരഥികൾക്ക് ഉത്തരവാദിത്വമുണ്ട്. ഈ സാഹചര്യത്തിലാണ് ശ്രീ ഡോക്ടർ ജേക്കബ് തോമസിന്റെ സ്ഥാനാർത്ഥിത്വം വളരെ ശ്രദ്ധേയവും പ്രസക്തവുമാകുന്നത്. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ കൃത്യനിഷ്ഠയോടെയും, ആത്മാർത്ഥതയോടെയും, പൂർണ്ണമനസ്സോടെയും, നടത്തി വിജയിപ്പിച്ചയാൾ എന്ന ഖ്യാതിയോടെയാണ് അദ്ദേഹം മത്സര രംഗത്ത് നിലയുറപ്പിക്കുന്നത്.

ഫോമാ 2022-2024 കാലത്തേക്കുള്ള ഭരണസമിതിയിലേക്കുള്ള തെരെഞ്ഞടുപ്പിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ഡോക്ടർ ജേക്കബ് തോമസ്. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്ന് ഇലക്ട്രിക് എഞ്ചിനീയറിങ്ങിൽ ബിരുദവും, എൻവയൺമെന്റൽ സയൻസിൽ കാനഡയിലെ ഗൾഫ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദവും നേടിയ അദ്ദേഹം ഇപ്പോൾ ആഗോള താപന വിഷയത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.വിദ്യാഭാസത്തിൽ ഇത്രയേറെ തല്പരനായ ഒരു പ്രസിഡന്റ് സ്ഥാനാർത്ഥി ഫോമയിൽ ആദ്യമായിരിക്കും.

കൈതൊട്ട മേഖലകളിലെല്ലാം വെന്നിക്കൊടി പാറിച്ച ചരിത്രമാണ് അദ്ദേഹത്തിന്റേത്. ഇന്ത്യൻ എയർഫോഴ്‌സിൽ ബോഡി ബിൽഡറും, കേരള സർവ്വകലാശാലയിലെ റെസ്ലിങ്ങ് ചാമ്പ്യനുമായിരുന്നു.അമേരിക്കയിലേക്ക് കുടിയേറിയതിനു ശേഷം യു.എസ് നേവിയിലും മികച്ച സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. യു.എസ് നേവിയിലെ ജി.ഐ സ്‌കോളർഷിപ്പ് തുകകൊണ്ടാണ് അദ്ദേഹം കൂടുതൽ പഠനങ്ങളും അമേരിക്കയിൽ നടത്തിയതെന്ന് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. ഫോമയുടെ അനിവാര്യവും, ചരിത്രപരവുമായ രൂപീകരണ കാലത്ത് സ്ഥാപക അംഗമെന്ന നിലയിൽ ഫോമയുടെ വളർച്ചക്കായി കഠിനാദ്ധ്വാനം ചെയ്ത അപൂർവം വ്യക്തികളിൽ ഒരാൾ എന്ന നിലയിൽ ഫോമ അദ്ദേഹത്തെ വിശ്വസിച്ചേൽപ്പിച്ച ഉത്തരവാദിത്വങ്ങൾ വിജയിപ്പിച്ചതിന്റെ ഏറ്റവും നല്ല മകുടോദാഹരണമാണ് കേരളത്തിൽ കഴിഞ്ഞ മാസം നടത്തിയ ഫോമയുടെ കേരള കൺവെൻഷൻ. പരിപാടികളിലെ വൈവിധ്യം കൊണ്ടും, പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ടും, കേരളത്തിലെ വർത്തമാന പത്രങ്ങളിൽ കേരള കൺവെൻഷൻ ഒരു വലിയ വാർത്തയായി നിറഞ്ഞു നിന്നു. സമ്മേളന വിജയത്തിന്റെ മുഖ്യശില്പി എന്ന നിലയിൽ ഡോക്ടർ ജേക്കബ് തോമസ് ഫോമയുടെ അഭിമാനമായി നിറഞ്ഞു നിൽക്കുന്നു.

പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഡോക്ടർ ജേക്കബ് തോമസിനൊപ്പം ഓജസ് ജോൺ (ജനറൽ സെക്രട്ടറി), ബിജു തോണിക്കടവിൽ (ട്രഷറർ) സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ്) ഡോക്ടർ ജെയ്മോൾ ശ്രീധർ (ജോയിന്റ് സെക്രട്ടറി), ജെയിംസ് ജോർജ് ((ജോയിന്റ് ട്രെഷറർ) എന്നിവരാണ് ഫ്രണ്ട്സ് ഓഫ് ഫോമാ എന്ന പാനലിൽ ഫോമാ 2024 എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിക്കുന്നത്.