മുംബൈ: മഹാരാഷ്ട്രയിൽ ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ അധികാരത്തിലേറിയ ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ അസ്വാരസ്യങ്ങൾ തുടങ്ങിയെന്ന് സൂചന. അധികാരത്തിലേറി ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിൽ ഭിന്നത നിലനിൽക്കുന്നുവെന്ന രീതിയിൽ പ്രതിപക്ഷ കക്ഷികൾ ആരോപണം ഉന്നയിക്കുന്നു. ഏക്‌നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിലുള്ള കൊമ്പുകോർക്കൽ രൂക്ഷമാണെന്ന് സൂചന നൽകി വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. വാർത്താസമ്മേളനത്തിൽ ഏക്‌നാഥ് ഷിൻഡെ സംസാരിച്ചുകൊണ്ടിരിക്കെ മൈക്ക് പിടിച്ചുവാങ്ങി സംസാരിക്കുന്ന ഫഡ്‌നാവിസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ ഉൾപ്പെടെ വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി മൈക്ക് തട്ടിപ്പറിക്കുന്നു. ഇത് മഹാരാഷ്ട്രയിലെ ഓരോ പൗരനെയും അപമാനിക്കലാണ്. ആത്മാഭിമാനത്തിന് എത്ര കോടിയാണ് വില' -ഗോഖലെ ട്വീറ്റിൽ ചോദിച്ചു.

വീഡിയോ പ്രചരിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വിഷയം ചർച്ചയാകുകയാണ്. ബിജെപി കോടികളൊഴുക്കി ശിവസേന വിമതരെ വിലക്ക് വാങ്ങിയാണ് സർക്കാറിനെ അട്ടിമറിച്ചത് എന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ അട്ടിമറിച്ച് ശിവസേന വിമതരും ബിജെപിയും ചേർന്ന് സർക്കാറുണ്ടാക്കിയപ്പോൾ മുഖ്യമന്ത്രിയാവുക ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ആയിരിക്കുമെന്നായിരുന്നു ശക്തമായ അഭ്യൂഹം. മഹാരാഷ്ട്രയിലെ ബിജെപി നീക്കങ്ങൾക്കെല്ലാം ചുക്കാൻപിടിക്കുന്ന ഫഡ്‌നാവിസ് തന്നെയാവും മുഖ്യമന്ത്രിയെന്ന് ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിലായിരുന്നു ശിവസേന വിമതരുടെ നേതാവ് ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് ശിവസേന നേതൃത്വത്തെ പോലും ഞെട്ടിച്ച നീക്കത്തിന് പിന്നിലെന്ന് പിന്നീട് വ്യക്തമായിയിരുന്നു.

പിന്നാലെ ഷിൻഡെ മുഖ്യമന്ത്രിയും ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഫട്‌നാവിസ് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. ഇതോടെ ഇരുവർക്കും ഇടയിൽ രൂപപ്പെട്ട അകൽച്ചയുടെ മഞ്ഞുരുകിയിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിൽ താൻ ഉണ്ടാവില്ലെന്നായിരുന്നു ഫഡ്‌നാവിസിന്റെ ആദ്യ നിലപാട്. എന്നാൽ, പിന്നീട് ബിജെപി മുതിർന്ന നേതാക്കൾ ഇടപെട്ട് ശാന്തനാക്കിയാണ് ഫഡ്‌നാവിസിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തിച്ചത്. താൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ മുഖ്യമന്ത്രിയാകാമായിരുന്നെന്നും താനില്ലെങ്കിൽ സർക്കാറിന്റെ പ്രവർത്തനം കാര്യക്ഷമമാകില്ലെന്ന് പറഞ്ഞതിനാലാണ് ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തതെന്നും ഫഡ്‌നാവിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.