ഷിക്കാഗോ: ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ നൂതന സാങ്കേതികവിദ്യയിലൂടെ വികസിപ്പിക്കാൻ മുൻകൈ എടുക്കണമെന്ന് ഷിക്കാഗോയിലെ ഇന്ത്യൻ അംബാസിഡർ തരൺജിത് സിങ് സന്ധു ആവശ്യപ്പെട്ടു. ആദ്യമായി ഷിക്കാഗോ സന്ദർശിക്കുന്ന അദ്ദേഹം പ്രത്യേക ക്ഷണിതാക്കളുടെ ഡിന്നർ മീറ്റിംഗിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ഇന്ത്യക്കാർ ഏറ്റവും അധികം താമസിക്കുകയും, ഏറ്റവും കൂടുതൽ ബിസിനസ് ഉടമകളും, പ്രത്യേകിച്ച് അനേകം ടെക്നോളജി കമ്പനികളും ഉള്ള നഗരങ്ങളിൽ ഒന്നാണ് ഷിക്കാഗോ.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം പുരോഗതി കൈവരിച്ചു വരികയാണ്. പ്രത്യേകിച്ച് ഡിജിറ്റൽ ടെക്നോളജി. ഹെൽത്ത് കെയർ, സാമ്പാദ്യ- നിക്ഷേപ പദ്ധതികൾ, കാർഷിക പദ്ധതികൾ, ഗവൺമെന്റ് സർവീസുകൾ, ഐ.ടി, പുനരുപയോഗിക്കാവുന്ന ഊർജം എന്നീ രംഗങ്ങളിൽ അമേരിക്കൻ ഇന്ത്യക്കാരുടെ സഹായം ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് അംബാസിഡർ പറഞ്ഞു. ഇന്ത്യൻ കോൺസൽ ജനറൽ അമിത് കുമാർ അദ്ദേഹത്തെ സ്വാഗതം ചെയ്ത് പ്രസംഗിച്ചു.

ഇന്ത്യൻ എൻജിനീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസിന്റെ നേതൃത്വത്തിൽ എ.എ.ഇ.ഐ.ഒ ബോർഡ് അംഗങ്ങൾ അംബാസിഡറുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും സെപ്റ്റംബർ 17-ന് നടക്കുന്ന യു.എസ്- ഇന്ത്യ ഗ്ലോബൽ സമ്മിറ്റിലേക്ക് മുഖ്യാതിഥിയായി ക്ഷണിക്കുകയും ചെയ്തു.

മീറ്റിംഗിൽ വച്ച് ഇന്ത്യൻ ഗവൺമെന്റുമായി വിവിധ ടെക്നോളജി, ഇന്നവേഷൻ എന്നിവ ചർച്ച ചെയ്യുന്നതിനായി വാഷിങ്ടൺ ഡിസിയിൽ പ്രത്യേക സെക്രട്ടറിയെ അദ്ദേഹം നിയോഗിക്കുകയും ചെയ്തു.