അബുദബി: ബലി പെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങൾക്ക് രാജ്യത്തെ പല ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്നവർക്കായിരിക്കും പ്രഖ്യാപനത്തിലൂടെ മോചനം ലഭിക്കുക. മോചിതരാക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന തടവുകാർക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കിൽ അവ ഏറ്റെടുക്കുമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ അറിയിച്ചു.

യുഎഇ പിന്തുടരുന്ന ക്ഷമയുടെയും സഹിഷ്ണുതയുടെയും മാനവികതയുടെയും മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഈ തീരുമാനത്തിലൂടെ മോചിതരാവുന്ന തടവുകാർക്ക് തങ്ങളുടെ ജീവിതത്തിൽ പുതിയൊരു അധ്യായം തുടങ്ങാനും തങ്ങളുടെ കുടുംബങ്ങൾക്കും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും സാധിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഒപ്പം പെരുന്നാളിന് മുന്നോടിയായി യുഎഇ പ്രസിഡന്റ് പ്രഖ്യാപിക്കുന്ന ജയിൽ മോചനത്തിലൂടെ തടവുകാർക്ക് അവരുടെ കുടുംബങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കാനും അവരുടെ അമ്മമാർക്കും കുട്ടികൾക്കും ഉൾപ്പെടെ സന്തോഷം പകരാനും സഹായിക്കുമെന്നും ഒപ്പം മോചിതരാക്കപ്പെടുന്നവർക്ക് തങ്ങളുടെ ചെയ്തികളെക്കുറിച്ച് പുനരാലോചന നടത്തി ശരിയായ പാതയിലേക്ക് തിരികെ വന്ന് വിജയകരമായ ജീവിതം നയിക്കാൻ അവസരമൊരുക്കുമെന്നും അധികൃതർ പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

അതേസമയം, 194 തടവുകാരുടെ മോചനത്തിന് ശാർജ ഭരണാധികാരിയും ഉത്തരവിട്ടിട്ടുണ്ട്. ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യുഎഇ ഭരണാധികാരികളുടെ മാനുഷികപരിഗണനയുടെ ഭാഗമായാണ് നടപടി. തടവുകാർക്ക് എത്രയും പെട്ടന്ന് കുടുബങ്ങളുടെ അടുത്തെത്താനുള്ള സാഹചര്യം ഒരുക്കാൻ നിർദ്ദേശം നൽകിയതായും അധികൃതർ വ്യക്തമാക്കി.