ന്യൂഡൽഹി: പതിനെട്ടു ദിവസത്തിനിടെ എട്ട് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ വിമാന സർവീസുകൾ ഉറപ്പാക്കുന്നതിൽ സ്‌പൈസ് ജെറ്റ് പരാജയപ്പെട്ടുവെന്ന് ഡി.ജി.സി.എ പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു.

1937-ലെ എയർ ക്രാഫ്റ്റ് നിയമം അനുശാസിക്കുംവിധത്തിൽ സുരക്ഷിതവും കാര്യക്ഷമവും ആശ്രയിക്കാവുന്നതുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സ്പൈസ് ജെറ്റ് പരാജയപ്പെട്ടെന്ന് ഡി.ജി.സി.എ. പറഞ്ഞു. വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ഡി.ജി.സി.എ നോട്ടീസിന്റെ പകർപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട ചെറിയ പിഴവുപോലും കൃത്യമായി പരിശോധിച്ച് തിരുത്തുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്നലെ മാത്രം മൂന്ന് വിമാനങ്ങളാണ് സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്. വിമാനത്തിന്റെ മുൻവശത്തെ ഗ്ലാസിൽ വിള്ളലുണ്ടായതിനെ തുടർന്ന് കാണ്ട്‌ല-മുംബൈ വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഡൽഹിയിൽ നിന്നും ദുബൈയിലേക്ക് യാത്ര പുറപ്പെട്ട സ്‌പൈസ്‌ജെറ്റ് എസ്.ജി-11 വിമാനവും ഇന്റിക്കേറ്റർ ലൈറ്റിലുണ്ടായ തകരാർ കാരണം ഇന്നലെ പാക്കിസ്ഥാനിലെ കറാച്ചിയിൽ അടിയന്തരമായി ഇറക്കി. ചൈനയിലേക്ക് പോയ കാർഗോ വിമാനം കാലാവസ്ഥ റെഡാർ പ്രവർത്തിക്കാത്തതിനെ തുടർന്ന് കൊൽക്കത്തയിലേക്ക് തിരിച്ചുവിട്ടു.

ചൊവ്വാഴ്ച ചൈനയിലെ ചോങ് ക്വിങ്ങിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റിന്റെ ചരക്ക് വിമാനമാണ് കൊൽക്കത്തയിലേക്ക് തിരിച്ചുപറന്നത്. വിമാനത്തിന്റെ വെതർ റഡാർ പ്രവർത്തിക്കുന്നില്ലെന്ന കാര്യം പറന്നുയർന്നതിന് പിന്നാലെ പൈലറ്റുമാർക്ക് ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.

ജൂലൈ രണ്ടിന് ജബൽപുറിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം, കാബിനിൽനിന്ന് പുകയുയർന്നതിന് പിന്നാലെ ഡൽഹിയിൽ തിരിച്ചിറക്കിയിരുന്നു. വിമാനം അയ്യായിരം അടി ഉയരത്തിൽ പറക്കവേയാണ് പുകയുയർന്നത് കാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെട്ടത്.

ജൂൺ 24, 25 തീയതികളിൽ സാങ്കേതിക തകരാറിനെ തുടർന്ന് രണ്ട് വിമാനങ്ങൾ തിരിച്ചിറക്കേണ്ടിവന്നിരുന്നു. ജൂൺ 19-ന് പട്നയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എൻജിന് തീപിടിച്ചതിന് പിന്നാലെ നിലത്തിറക്കിയിരുന്നു.