ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനാകുന്നു. ഡോ. ഗുർപ്രീത് കൗർ ആണ് വധു. വ്യാഴാഴ്ച മന്നിന്റെ ചണ്ഡിഗഡിലുള്ള വസതിയിൽ വച്ചാണ് വിവാഹം നടക്കുന്നത്. വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിൽ വച്ചാണ് വിവാഹം. ആറ് വർഷം മുമ്പാണ് ആദ്യ ഭാര്യയിൽ നിന്ന് മൻ വിവാഹബന്ധം വേർപെടുത്തിയത്.

ഭഗവത് മന്നിന് ഏറെ നാളായി പരിചയമുള്ള ഗുർപ്രീത് കൗർ പഞ്ചാബിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ളയാളാണ്. എഎപി നേതാവ് രാഘവ് ഛദ്ദയ്ക്കാണ് വിവാഹത്തിന്റെ ഒരുക്കങ്ങളുടെ ചുമതല. ചണ്ഡീഗഢിലെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഉൾപ്പടെയുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുണ്ട്.

ഡോ. ഗുർപ്രീത് കൗർ പഞ്ചാബിലെ ഒരു സാധാരണ സിഖ് കുടുംബത്തിൽ നിന്നുള്ള സ്ത്രീയാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുർപ്രീതും ഭഗവന്ത് മാനും വളരെക്കാലമായി പരസ്പരം പരിചയമുള്ളവരാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഗുർപ്രീത് കൗറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി നേടിയ വിജയത്തിലൂടെയായിരുന്നു ഭഗവത് മൻ സർക്കാർ പഞ്ചാബിൽ അധികാരത്തിലെത്തിയത്. 117 അംഗ നിയമസഭയിൽ 92 സീറ്റുകളും എഎപി സ്വന്തമാക്കിയിരുന്നു. ജനുവരിയിലായിരുന്നു സത്യപ്രതിജ്ഞ.