ന്യൂഡൽഹി: കായികലോകത്ത് മലയാളികളുടെ അഭിമാനമായ പി ടി ഉഷ രാജ്യസഭയിലേക്ക്. പി ടി ഉഷ, സംഗീത സംവിധായകൻ ഇളയരാജ, തെലുങ്ക് ചലച്ചിത്ര സംവിധായകൻ വി.വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യ പ്രവർത്തകൻ വീരേന്ദ്ര ഹെഗ്ഡെ എന്നിവരെയാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത്. ഇവരെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി.ടി.ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.' എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ് പി.ടി.ഉഷ. പി.ടി.ഉഷ രാജ്യത്തിനായി നേടിയ നേട്ടങ്ങൾ വളരെ വലുതാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി യുവകായികതാരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിൽ അവർ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ലഭിച്ച പി.ടി. ഉഷയ്ക്ക് അഭിനന്ദനങ്ങൾ' പ്രധാനമന്ത്രി പറഞ്ഞു

തലമുറകളെ തന്റെ വിസ്മയ സംഗീതം കൊണ്ട് അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് ഇളയരാജയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണ പശ്ചാത്തലത്തിൽ തിന്ന് സംഗീതത്തിന്റെ കൊടുമുടികൾ താണ്ടിയ ഇളയരാജയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു

ഒരു കാലത്ത് ലോകമറിയുന്ന അത്ലറ്റായി മാറുകയും, ട്രാക്കിൽ രാജ്യത്തിന്റെ അഭിമാനമായി നിറയുകയും ചെയ്ത പിടി ഉഷയ്ക്ക് രാജ്യസഭയിലേക്ക് ബിജെപിയാണ് വഴിയൊരുക്കിയത്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി പിടി ഉഷ സത്യപ്രതിജ്ഞ ചെയ്യും. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ വഴി അറിയിച്ചു. ട്വിറ്ററിൽ പങ്കുവെച്ച പിടി ഉഷയ്ക്കൊപ്പമുള്ള തന്റെ ചിത്രത്തോടൊപ്പമാണ് പിടി ഉഷയുടെ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശം പ്രധാനമന്ത്രി അറിയിച്ചത്.

 ജൈനമതത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ധർമ്മസ്ഥലയുടെ ധർമ്മാധികാരി സ്ഥാനം പരമ്പരാഗതമായി വഹിക്കുന്ന വീരേന്ദ്ര ഹെഡ്ഡേ 2014ൽ പത്മവിഭൂഷൺ നേടിയിട്ടുണ്ട്. ഹിറ്റ്ചിത്രങ്ങളായ ബാഹുബലി, ബാഹുബലി 2, ബജ്രംഗി ഭായ്ജാൻ,ആർആർആർ, തലൈവി എന്നിവയടക്കം നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തും നാലോളം ചിത്രങ്ങളുടെ സംവിധായകനുമാണ് വി.വിജയേന്ദ്ര പ്രസാദ്. പ്രശസ്ത സംവിധായകൻ എസ്.എസ് രാജമൗലിയുടെ പിതാവാണ്.