ലണ്ടൻ: ബ്രിട്ടണിൽ ആഞ്ഞടിക്കുന്ന രാഷ്ട്രീയ ചുഴലിക്കാറ്റിൽ ആടിയുലയുകയാണ് ബോറിസ് ജോൺസണും സർക്കാരും. ഋഷി സുനകിന്റെയും സാജിദ് ജാവേദിന്റെയും ഇരട്ട രാജികൾ പ്രധാനമന്ത്രിക്ക് കനത്ത പ്രഹരം നൽകിയതിനു പിന്നാലെ സ്വന്തം പാർട്ടിയിൽ നിന്നു തന്നെ വീണ്ടും തിരിച്ചടികൾ മാത്രം നേരിടുകയാണ് ബോറിസ്. 15 മന്ത്രിമാരടക്കം 46 ടോറി എംപിമാർ ആണ് ഇന്നലെ തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ച് ഇറങ്ങിപ്പോയത്.

മൂന്ന് കാബിനറ്റ് മന്ത്രിമാർ, 16 മന്ത്രിമാർ, 22 പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറിമാർ, നാല് വ്യാപാര നയതന്ത്ര പ്രതിനിധികൾ, ഒരു വൈസ് ചെയർ എന്നിവരാണ് രാജി സമർപ്പിച്ചത്. ഇതോടെ ബ്രിട്ടന്റെ ചരിത്രത്തിൽ തന്നെ ഇടംപിടിക്കുന്ന ഒരു തകർച്ച നേരിടുകയാണ് ബോറിസ്. ഇതോടെ 1932-ന് ശേഷം ഏറ്റവും കൂടുതൽ പേർ രാജിവച്ച സർക്കാറായി ബോറിസ് ജോൺസണിന്റെ ഭരണ കാലയളവ് മാറിയിരിക്കുകയാണ്.

പാർലമെന്റിലെ മൊത്തം എംപിമാരുടെ അഞ്ചിലൊന്ന് പേരാണ് ഇപ്പോൾ രാജിവച്ച് ഒഴിഞ്ഞിരിക്കുന്നത്. ബോറിസ് സർക്കാറിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഇവർ രാജി വച്ചിരിക്കുന്നത്. ഋഷി സുനകും സാജിദ് ജാവേദും രാജിവച്ചതിനു പിന്നാലെ ചിൽഡ്രൻ ആൻഡ് ഫാമിലി മിനിസ്റ്ററായ വിൽ ക്വിൻസ് ആണ് രാജി തീരുമാനവുമായി ആദ്യം രംഗത്തെത്തിയത്. ഇദ്ദേഹത്തിനു പിന്നാലെ സ്‌കൂൾ സ്റ്റാൻഡേർഡ് മന്ത്രി റോബിൻ വാക്കർ, ട്രഷറി മന്ത്രി ജോൺ ഗ്ലെൻ, നീതിന്യായ മന്ത്രി വിക്ടോറിയ അറ്റ്കിൻസ് എന്നിവരുൾപ്പെടെ മറ്റ് മന്ത്രിമാരുടെയും ജൂനിയേഴ്സിന്റെയും ഒരു പട തന്നെ രാജി തീരുമാനം അറിയിക്കുകയായിരുന്നു.

ഉച്ചയോടെയാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ തിളങ്ങുന്ന താരമായി ഉയർന്നു വന്നുകൊണ്ടിരുന്ന കെമി ബാഡെനോക്ക് ഉൾപ്പെടെ അഞ്ച് മന്ത്രിമാർ കൂട്ടത്തോടെ രാജിവെച്ച് ഒരു സംയുക്ത കത്ത് നൽകി. സർക്കാറിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് രേഖപ്പെടുത്തിയുള്ള രാജിക്കത്തുകൾ നൽകിയതോടെ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു. വൈകുന്നേരവും രാജികൾ തുടർന്നു. സൈമൺ ഹാർട്ട് വെൽഷ് സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവച്ച മൂന്നാമത്തെ കാബിനറ്റ് മന്ത്രിയായി.

സാജിദ് ജാവേദ്, ഋഷി സുനക് എന്നിവർക്കു പുറമെ ചിൽഡ്രൻ ആൻഡ് ഫാമിലി മിനിസ്റ്റർ വിൽ ക്വിൻസ്, സ്‌കൂൾ സ്റ്റാൻഡേഡ്സ് മിനിസ്റ്റർ റോബിൻ വാക്കർ, ട്രഷറി മിനിസ്റ്റർ ജോൺ ഗ്ലെൻ, ജസ്റ്റിസ് മിനിസ്റ്റർ വിക്ടോറിയ അറ്റ്കിൻസ്, ഹൗസിങ് മിനിസ്റ്റർ സ്റ്റുവാർട്ട് ആൻഡ്രൂ, സേഫ്ഗാർഡിങ് മിനിസ്റ്റർ റേച്ചൽ മെക്ലൻ, എക്സ്പോർട്സ് ആൻഡ് മിനിസ്റ്റർ ഓഫ് ഇക്വാളിറ്റീസ് മൈക്ക് ഫ്രീർ, കൺസർവേറ്റീവ് പാർട്ടി വൈസ് ചെയർ ബിം അഫോലമി, പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറിമാരായ ജൊനാഥൻ ഗുലീസ്, ലോറ ട്രോട്ട്, ഫെലിസിറ്റി ബുച്ചൻ, ജോ ചർച്ചിൽ, ക്ലെയർ കുടിനോ, സെലെയിൻ സാക്സ്ബി, ക്രെയിഗ് വില്യംസ്, മാർക്ക് ലോഗൻ, എംപിമാരായ നിക്കോളാ റിച്ചാർഡ്സ്, ആൻഡ്രൂ മോറിസൺ, അലക്സ് ചോക്ക്, സാലി-ആൻ ഹാർട്ട്, ഡേവിഡ് ജോൺസ്റ്റൺ, കെമി ബഡേനോക്, ലീ റൗളി, നെയിൽ ഒബ്രിയൻ, അലക്സ് ബർഗാട്ട്, ജൂലിയ ലോപ്പസ് തുടങ്ങിയ 46ഓളം പേരാണ് രാജിവച്ചത്.

മൈക്കൽ ഗോവിനെ ചവിട്ടി പുറത്താക്കി പ്രധാനമന്ത്രി

പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ രാഷ്ട്രീയ ജീവിതം രക്ഷിക്കാനുള്ള പരിശ്രമം നടത്തുമ്പോൾ കൂടെ നിന്നു ചതിച്ച മൈക്കൽ ഗോവിനെ കാബിനറ്റ് സ്ഥാനത്തു നിന്ന് പുറത്താക്കി പ്രധാനമന്ത്രി. മുൻ ലെവലിങ് അപ്പ്, ഹൗസിങ് ആൻഡ് കമ്മ്യൂണിറ്റീസ് സെക്രട്ടറിയായ മൈക്കൽ ഗോവ് 2016ലും ബോറിസിനെ പുറകിൽ നിന്നും കുത്തുന്ന പ്രവർത്തികൾ ചെയ്തിരുന്നു. 2010 മുതൽ തുടർച്ചയായി സർക്കാരുകളിൽ കാബിനറ്റ് റോളുകളിൽ സേവനമനുഷ്ഠിച്ച ദീർഘകാല സഖ്യകക്ഷിയാണ് ഗോവ്. ബോറിസ് ജോൺസൺ വൻ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന വേളയിൽ കൂടിയാണ് ഈ നാടകീയമായ പിരിച്ചുവിടൽ അരങ്ങേറിയത്.

മൈക്കൽ ഗോവ് മുൻപും ക്യാബിനറ്റ് സ്ഥാനങ്ങളിൽ വന്നിട്ടുണ്ട്. ഡേവിഡ് കാമറൂൺ 2014-ൽ ഗോവിനെ വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചീഫ് വിപ്പ് സ്ഥാനത്തേക്ക് തരംതാഴ്‌ത്തുകയും ചെയ്തിരുന്നു. 2016-ൽ തെരേസ മേ പ്രധാനമന്ത്രിയായപ്പോൾ, ഗോവിനെ ജസ്റ്റിസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. ഒരു വർഷത്തിനുശേഷം അദ്ദേഹത്തെ പരിസ്ഥിതി സെക്രട്ടറിയായി തിരികെ കൊണ്ടുവരികയും ചെയ്തു.

കടിച്ചു തൂങ്ങി ബോറിസ് ജോൺസൺ

അതേസമയം, പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ ഭിന്നതകളും കലാപങ്ങളും മൂർച്ഛിക്കുമ്പോഴും രാജിവച്ചൊഴിയാതെ കടിച്ചു തൂങ്ങി ഭരണത്തിൽ തുടരുകയാണ് ബോറിസ് ജോൺസൺ. എങ്കിലും അദ്ദേഹത്തിന് അധികകാലം ഭരണത്തിൽ തുടരാൻ കഴിയില്ലെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബോറിസ് രാജിവെക്കുന്ന പക്ഷം മുൻ പ്രധാനമന്ത്രി തെരേസാ മേ ബോറിസിനു പകരം ചുമതലയേൽക്കാനുള്ള സാധ്യതാ റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ബോറിസ് പെട്ടെന്ന് ഒരു തെരഞ്ഞെടുപ്പിന് ഉത്തരവിടുകയോ രാജിവെക്കുകയോ ചെയ്താൻ മുൻ പ്രധാനമന്ത്രി ചുമതലയേൽക്കുവാനുള്ള വലിയ സാധ്യതകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയായി അനുഭവപരിചയമുള്ള സിറ്റിങ് എംപിയെന്ന നിലയിൽ മേയുടെ സ്ഥാനം നിലവിലെ മന്ത്രിസഭയിലെ ഏതൊരു അംഗത്തേക്കാളും മികച്ചതാണ്. പാർലമെന്റിൽ നിരവധി പേരാണ് ബോറിസിന്റെ പിൻഗാമിയാകാനുള്ള മത്സരത്തിനായി കാത്തുനിൽക്കുന്നത്.