- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾ ക്ലാസിൽ കയറുന്നില്ല; രണ്ടു വർഷത്തെ ശമ്പളമായ 23.8 ലക്ഷം രൂപ തിരികെ നൽകി അദ്ധ്യാപകൻ
മുസാഫർപുർ: വിദ്യാർത്ഥികൾ ക്ലാസിൽ കയറാത്തതിനാൽ ശമ്പളം തിരികെ നൽകി പ്രതിഷേധിച്ച് അദ്ധ്യാപകൻ. തന്റെ രണ്ട് വർഷത്തേയും ഒൻപത് മാസത്തേയും ശമ്പളത്തുകയായ 23.8 ലക്ഷം രൂപയാണ് അദ്ധ്യാപകൻ തിരികെ നൽകിയത്. മുസാഫർപുറിലെ നിതീശ്വർ കോളേജിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ലല്ലൻ കുമാർ ആണ് വ്യത്യത്സമായി പ്രതിഷേധിച്ചത്. എന്നാൽ പണം തിരികെ സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
കുട്ടികളെ പഠിപ്പിക്കാനാണ് താൻ ശമ്പളം വാങ്ങുന്നത് എന്നാൽ കുട്ടികൾ എത്തുന്നില്ലെങ്കിൽ പിന്നെന്തിനാണ് തനിക്ക് ശമ്പളം എന്നും ലല്ലൻ കുമാർ ചോദിക്കുന്നു. കുട്ടികളെ സർവകലാശാല ഇടപെട്ട് മറ്റൊരു കോളേജിലേക്ക് മാറ്റണം എന്നാണ് അദ്ധ്യാപകന്റെ ആവശ്യം. താൻ ജോലിയിൽ പ്രവേശിച്ചപ്പോൾ തന്നെ പി.ജി ക്ലാസുകളിൽ പഠിപ്പിക്കാൻ അനുവദിച്ചില്ല. തന്നെക്കാൾ കുറഞ്ഞ റാങ്കിൽ ജോലിയിൽ പ്രവേശിച്ചവരെ അതിന് നിയോഗിക്കുയും ചെയ്തു. തന്റെ പേര് ട്രാൻസ്ഫർ ലിസ്റ്റിൽ നിന്ന് മനഃപൂർവം വെട്ടിയെന്നും ലല്ലൻ കുമാർ ആരോപിക്കുന്നു.
അതേസമയം അദ്ധ്യാപകൻ പറയുന്നതുപോലെ രണ്ട് വർഷമായി കുട്ടികൾ ക്ലാസിൽ വരാറില്ലെന്ന വാദം ശരിയല്ലെന്നാണ് പ്രിൻസിപ്പാൾ മനോജ് കുമാർ പറയുന്നത്. കോവിഡ് മഹാമാരി കാരണമാണ് ക്ലാസുകൾ മുടങ്ങിയത്. അതുപോലെ തന്നെ അദ്ധ്യാപകന് ട്രാൻസ്ഫർ വേണമെങ്കിൽ തന്നെ നേരിൽക്കണ്ട് ഇക്കാര്യം പറയാമായിരുന്നുവെന്നും പ്രിൻസിപ്പാൾ പറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസർ ഉന്നയിച്ച ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടുവെന്നും വിഷയം പരിശോധിക്കുമെന്നും അംബേദ്കർ സർവകലാശാല വൈസ് ചാൻസലർ ആർ.കെ ഠാക്കൂർ പ്രതികരിച്ചു.