- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാൻ 16കാരൻ തിരുവനന്തപുരത്തു നിന്നും കണ്ണൂരിലെത്തി; സ്കൂൾ വാനിൽ കയറി സ്കൂളിലെത്തിയ ശേഷം സുഹൃത്തിനൊപ്പം മുങ്ങി പത്തു വയസ്സുകാരി; പരിചയപ്പെട്ടതും പദ്ധതി ആസൂത്രണം ചെയ്തതും ഇൻസ്റ്റഗ്രാംവഴി: മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇരുവരേയും തിയറ്ററിൽ നിന്നും കണ്ടെത്തി പൊലീസ്
കണ്ണൂർ: കണ്ണൂരിൽ നിന്നും കാണാതായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പത്തുവയസ്സുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരനൊപ്പം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇരുവരേയും തിയറ്ററിൽ നിന്നാണ് ടൗൺ പൊലീസ് കണ്ടെത്തിയത്. തിരുവനന്തപുരത്തുകാരനായ ആൺകുട്ടിയും കണ്ണൂരുകാരിയായ പത്തു വയസ്സുകാരിയും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്.
പരിചയം സുഹൃദ്ബന്ധത്തിലേക്ക് വളർന്നതോടെ ആൺകുട്ടി പെൺകുട്ടിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇരുവരും നേരിൽ കാണുന്നതിനായി ഇൻസ്റ്റഗ്രാം വഴി പദ്ധതി തയ്യാറാക്കി. തനിക്ക് പനിയാണെന്നും നാളെ ക്ലാസിൽ വരാൻ കഴിയില്ലെന്നും അമ്മയുടെ ഫോണിൽനിന്ന് കുട്ടി തിങ്കളാഴ്ച വൈകിട്ട് ടീച്ചർക്ക് മെസേജ് അയച്ചിരുന്നു. ശേഷം ീച്ചർ തിരിച്ചയച്ച മറുപടി കുട്ടി ഫോണിൽനിന്നു ഡിലീറ്റ് ചെയ്യുകയും ചെയ്തു.
പിറ്റേദിവസം പതിവുപോലെ പെൺകുട്ടി രാവിലെ വീട്ടിൽനിന്നും സ്കൂൾ വാനിൽ കയറി. സ്കൂളിലെത്തിയ കുട്ടി കോമ്പൗണ്ടിന് പുറത്തിറങ്ങിയ ശേഷം ആരും കാണാതെ പുറത്ത് കാത്തുനിന്ന സുഹൃത്തിനൊപ്പം തിയറ്ററിലേക്ക് പോകുകയായിരുന്നു. നേരം വൈകിയിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരേയും തിയറ്ററിൽ നിന്നും കണ്ടെത്തിയത്.
തിരുവനന്തപുരം സ്വദേശിയായ പതിനാറുകാരൻ കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടുകാർ പലപ്പോഴായി നൽകിയ പണം ഉൾപ്പെടെ 3000 രൂപയുമായാണ് കെഎസ്ആർടിസി ബസ്സിൽ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തിയത്. ആദ്യമായി നേരിൽ കാണുന്ന ഇരുവരും ഇൻസ്റ്റഗ്രാമിലൂടെയാണ് പദ്ധതി തയാറാക്കിയത്.
തന്റെ കയ്യിലുള്ള മുയലിനെ വിറ്റ് പണം ലഭിച്ചെന്നും കാണാൻ വരുമെന്നും പതിനാറുകാരൻ കുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർ നൽകിയ വിവരത്തെ തുടർന്നാണ് ടൗൺ പൊലീസ് ഇരുവരെയും പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച ഇരുവരെയും മാതാപിതാക്കൾക്ക് ഒപ്പം വിട്ടയച്ചു.
മറുനാടന് മലയാളി ബ്യൂറോ