തിരുവനന്തപുരം: ജൂൺ 30ന് പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്ന കെ ഫോൺ ഇനിയും പരിധിക്ക് പുറത്ത് തന്നെ. പദ്ധതിയുടെ അടിസ്ഥാനസൗകര്യ നിർമ്മാണം 30% ബാക്കി കിടക്കുകയാണെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിച്ചു. 70% നിർമ്മാണമേ പൂർത്തിയായിട്ടുള്ളൂ. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇനിയും പൂർത്തിയാക്കിയിട്ടില്ലെന്നതിനാൽ പദ്ധതി നിലവിൽ വരാൻ ഇനിയും ഏറെ വൈകിയേക്കും.

നടപടികൾ അവസാന ഘട്ടത്തിലാണ്. ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്നാണു കരുതുന്നതെന്നും ഇതുവരെ പദ്ധതിക്കായി 417 കോടി രൂപ ചെലവിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പദ്ധതിയുടെ ഭാഗമായ സർക്കാർ ഓഫിസുകളിലും 14000 ബിപിഎൽ വീടുകളിലും ജൂൺ 30ന് കെ ഫോൺ വഴി ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം. എന്നാൽ നിയമസഭയിലെ ചോദ്യത്തിനുള്ള മറുപടിയിൽ ഇതേക്കുറിച്ചു മുഖ്യമന്ത്രി പരാമർശിച്ചില്ല.

അതേസമയം സിൽവർലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹികാഘാത പഠനം പുരോഗമിക്കുകയാണ്. ഡിപിആർ അനുമതി വേഗത്തിലാക്കാൻ ജൂൺ 2 ന് ചീഫ് സെക്രട്ടറി കേന്ദ്ര റെയിൽവേ ബോർഡിനു കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ല.