- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കാളീദേവിയെ കുറിച്ച് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു; താൻ പറഞ്ഞ കാര്യങ്ങൾ തെറ്റെന്നു തെളിയിക്കൂ; ബിജെപിയെ വെല്ലുവിളിച്ച് മഹുവ മൊയ്ത്ര
ന്യൂഡൽഹി: കാളീദേവിയെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും താൻ പറഞ്ഞ കാര്യങ്ങൾ തെറ്റാണെങ്കിൽ അതു തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിക്കുന്നുവെന്നും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. തന്റെ വിശ്വാസ സങ്കൽപ്പത്തിന്റെ മുകളിൽ ഉത്തരേന്ത്യൻ സങ്കൽപ്പങ്ങളെ അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
കാളിയെന്നാൽ തന്റെ സങ്കൽപത്തിൽ മാംസഭുക്കായ, മദ്യം സേവിക്കുന്ന ദേവതയാണെന്നും തന്റെ ദേവിയെക്കുറിച്ച് ഭക്തർക്ക് തങ്ങൾക്കിഷ്ടമുള്ള രീതിയിൽ സങ്കൽപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ചില പ്രദേശങ്ങളിൽ ദേവന്മാർക്ക് വിസ്‌കി നേർച്ചയായി നൽകുമ്പോൾ മറ്റിടങ്ങളിൽ അതിനെ ഈശ്വരനിന്ദയായി കാണാറുണ്ടെന്നും അവർ മുൻപ് പ്രസ്താവന നടത്തിയിരുന്നു.
'സിക്കിമിലെത്തിയാൽ കാളീദേവിക്ക് ഭക്തർ വിസ്‌കി കാഴ്ചവെക്കുന്നത് കാണാം. അതേസമയം, ഉത്തർ പ്രദേശിൽ ഇക്കാര്യം ദേവീനിന്ദയായാണ് കണക്കാക്കുന്നത്', മഹുവ പറഞ്ഞിരുന്നു. തനിക്കെതിരെ ബംഗാളിൽ ഏത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാലും അതിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഒരു കാളീ ക്ഷേത്രമുണ്ടായിരിക്കും. അവിടെ നടക്കുന്ന കാര്യങ്ങൾ പരിശോധിച്ചാൽ താൻ പറയുന്നത് ശരിയാണെന്നും അത് തങ്ങളുടെ സങ്കൽപ്പത്തിന് അനുസരിച്ചുള്ള ആചാരമാണെന്നും അവർ പറയുന്നു.
ഉജ്ജ്വയിനിലെ കാല ഭൈരവ ക്ഷേത്രത്തിലേയും അസമിലെ കാമാക്യ ക്ഷേത്രവും ഉദാഹരണമായി പറഞ്ഞ ശേഷം തനിക്കെതിരെ കേസെടുക്കാൻ രണ്ട് സംസ്ഥാനങ്ങളിലേയും ബിജെപി സർക്കാരുകളെ അവർ വെല്ലുവിളിച്ചു. മഹുവയെ അറസ്റ്റ് ചെയ്യണമെന്ന ബംഗാൾ ബിജെപി നേതൃത്വത്തിന്റെ ആവശ്യത്തോടും അവർ പ്രതികരിച്ചു.
നിങ്ങളുടെ ഗുണ്ടകളേയും പൊലീസിനേയും പേടിക്കില്ലെന്നും അവർ ബിജെപിക്ക് മറുപടി നൽകി. പ്രവാചകനിന്ദ നടത്തിയ നൂപുർ ശർമ്മയുടെ പരാമർശത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇതെല്ലാമെന്നും അവർ കുറ്റപ്പെടുത്തി. അതേസമയം മഹുവയുടെ അഭിപ്രായത്തോട് അകലം പാലിക്കുകയും അത് അവരുടെ വ്യക്തിപരമായ വിശ്വാസവുമാണെന്ന നിലപാടാണ് തൃണമൂൽ കോൺഗ്രസിന്.
ന്യൂസ് ഡെസ്ക്