ന്യൂജേഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ ജൂൺ-24 മുതൽ ജൂലൈ- 4 വരേ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മദ്ധ്യസ്ഥ തിരുനാൾ ആഘോഷങ്ങൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു.

ജൂലൈ മൂന്നിന് ഞായറാഴ്ച പ്രധാന തിരുനാൾ ദിനത്തിൽ ഉച്ചക്ക് രണ്ടു മണിക്ക് ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഫാ. ആന്റണി പുല്ലുകാട്ടിന്റെ നേതൃത്വത്തിൽ നടന്ന രൂപപ്രതിഷ്ഠാ ചടങ്ങുകളോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

മുൻ നിശ്ചയപ്രകാരം സോമർസെറ്റിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന അഭിവന്ദിയ പിതാവ് മാർ ജോയി ആലപ്പാട്ടിനെ ഇടവക വികാരിയും ട്രസ്റ്റിമാരും എയർപോർട്ടിൽ സ്വീകരിച്ചു. പിന്നീട് ദൈവാലയത്തിൽ എത്തിച്ചേർന്ന അഭിവന്ദിയ പിതാവിനെ ഇടവകാംഗങ്ങൾ ചേർന്ന് ഹൃദ്യമായ വരവേൽപ്പ് നൽകി. ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാർ ജോയ് ആലപ്പാട്ടിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചത് സംബന്ധിച്ച പ്രഖ്യാപനം ജൂലൈ മൂന്നിന് രാവിലെ 7.00-ന് ഷിക്കാഗോ സീറോ മലബാർ രൂപതാ ആസ്ഥാനത്ത് നടന്നു. അതിനു ശേഷമുള്ള ആദ്യ സന്ദർശനമായിരുന്നു സോമർസെറ്റ് ദൈവാലയത്തിലേത്.

തുടർന്ന് നടന്ന ആഘോഷപൂർണ്ണമായ ദിവ്യബലി അഭിവന്ദിയ പിതാവ് മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ഇടവക വികാരിയോടൊപ്പം, റോക്ലാൻഡ് ഹോളി ഫാമിലി ദേവാലയ വികാരി റവ. ഫാ.റാഫേൽ അമ്പാടൻ, റവ. ഫാ. പോളി തെക്കൻ സി .എം. ഐ, റവ. ഫാ.ഫിലിപ് വടക്കേക്കര എന്നിവർ സഹകാർമ്മികരായി.

ദിവ്യബലിമധ്യേ പിതാവ് വചന ശുസ്രൂഷ നൽകി. ഇടവകയിലെ കുടുംബങ്ങൾ ഒന്നിച്ചു ചേർന്ന് നടത്തുന്ന വിശ്വാസ പ്രഘോഷണമാണ് ഓരോ തിരുനാളും എന്നും, എന്നാൽ തിരുനാൾ ആഘോഷങ്ങളിൽ പരമപ്രധാന ഭാഗം വിശുദ്ധ കുർബാനയാണെന്നും എന്നാൽ ആഘോഷങ്ങൾ നടത്തുമ്പോൾ ഇക്കാര്യങ്ങളിൽ പ്രത്യക ശ്രദ്ധ വേണമെന്നും ഓർമിപ്പിച്ചു.

ഈ വർഷത്തെ തിരുനാളിന്റെ പ്രത്യകത മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാമത് വാർഷമാണ് നാം ആഘോഷിക്കുന്നത് എന്നും, തോമാശ്ലീഹാ ഇന്ത്യയിൽ എത്തിയതിന്റെ ഏറ്റവും വലിയ തെളിവാണ് നാം ഓരോരുത്തരും എന്ന് തന്റെ തിരുനാൾ സന്ദേശത്തിൽ ഉത്ബോധിപ്പിച്ചു. പാരമ്പര്യമായി കിട്ടിയ വിശ്വാസം കുടുംബങ്ങളിൽ അണയാതെ കാത്തു സൂക്ഷിക്കാൻ സാധിക്കട്ടെ എന്നും തിരുനാൾ സന്ദേശത്തിൽ ആശംസിച്ചു.

ദേവാലയത്തിലെ മുഖ്യകർമ്മങ്ങൾക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള നഗരികാണിക്കൽ പ്രദക്ഷിണം പരമ്പരാഗത രീതിയിൽ കേരളീയ തനിമയിൽ ദേവാലയത്തിലെ ഭക്ത സംഘടനയായ ജോസഫ് ഫാതേഴ്‌സ് ടീം അംഗങ്ങളുടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ നടത്തപ്പെട്ടു.

മലയാളികളുടെ സാംസ്‌കാരികവും, സാമൂഹികവും മതപരവുമായ ആഘോഷങ്ങളിലെ അവിഭാജ്യഘടകമായി മാറിയ ചെണ്ടേമേളം (ശിങ്കാരിമേളം), ഫയർ വോർക്‌സ് എന്നിവ ആഘോഷ ചടങ്ങുകൾക്ക് കൂടുതൽ മിഴിവേകി.

പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം സമാപനാശീർവാദവും, തുടന്ന് അടുത്തവർഷത്തെ പ്രസുദേന്തിമാരായി ബാബു ആൻഡ് വത്സമ്മ പെരുംപായിൽ, ജോനാഥൻ, ലീന ആൻഡ് ടോം പെരുംപായിൽ, ജോഷ് ജോസഫ്, ഷീന ആൻഡ് മിനേഷ് ഫാമിലി, അനിയൻ ജോർജ് & സിസി ഫാമിലി എന്നിവരെ വാഴിക്കുകയും ചെയ്തു.

തുടർന്ന് സി.സി.ഡി പന്ത്രണ്ടാംക്ലാസ് പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അഭിവന്ദിയ മെത്രാൻ മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു. തുടർന്ന് അടിമ സമർപ്പണം, തിരുശേഷിപ്പ് വണക്കം എന്നിവ നടന്നു.

ഇടവകയിലെ ഗായകസംഘം ( കുട്ടികളും, മുതിന്നവരും) ശ്രുതിമധുരമായി ആലപിച്ച ഗാനങ്ങൾ വിശുദ്ധ കർമ്മാദികൾ ഭക്തിസാന്ദ്രമാക്കി.

ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത് ജിജീഷ് & ഹെൽഗ തോട്ടത്തിൽ, ജോസ് പൗലോസ് & വിൻസി, ബെന്നി ജോസഫ് & അല്ലി, ഏബൽ സ്റ്റീഫൻ എന്നിവരായിരുന്നു.

തിരുനാളനോടനുബന്ധിച്ച് ദേവാലയാങ്കണത്തിൽ ഒരുക്കിയ സ്റ്റാളുകൾ പിറന്ന നാടിന്റെ തിരുനാൾ ആഘോഷങ്ങളെ ഓർമ്മപ്പെടുത്തി. പ്രമുഖ മലയാള ചലച്ചിത്ര പിന്നണി ഗായകരായ സുധീപ് കുമാർ, വില്യം ഐസക്, ഡെൽസി നൈനാൻ എന്നിവർ അവതരിപ്പിച്ച ''മലബാർ മ്യൂസിക്കൽ നൈറ്റ്'' ഷോയും, ഫയർ വർക്സും ഏറെ പ്രശംസ പിടിച്ചു പറ്റി.

തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുകയും, തിരുനാൾ ആഘോഷങ്ങളുടെ പ്രധാന സംഘാടകരായ റോണി മാത്യു , ജോർജി ജോസ് എന്നിവർ നേതൃത്വം നൽകുകകയും ചെയ്തു.

ജൂലൈ 4-ന് തിങ്കളാഴ്ചയിലെ തിരുകർമ്മങ്ങൾ രാവിലെ ഒമ്പതു മണിക്ക് അഭിവന്ദിയ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. മരിച്ച ആത്മാക്കൾക്കായുള്ള പ്രത്യേക പ്രാർത്ഥകളും തുടർന്ന് കൊടിയിറക്കവും നടന്നത്തോടെ തിരുനാൾ ആഘോഷങ്ങൾക്ക് തിരശീല വീണു.

തിരുനാൾ ആഘോഷങ്ങളിലും, തിരുകർമ്മാദികളിലും സജീവമായി പങ്കെടുത്ത എല്ലാ ഇടവക സമൂഹത്തിനും വികാരി റവ. ഫാ. ആന്റണി പുല്ലുകാട്ട് , ട്രസ്ടിമാർ എന്നിവർ നന്ദി അറിയിച്ചു.