ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ ബി എസ് പിയിലെ ബ്രഹ്‌മണ മുഖമായ ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയെ യോഗങ്ങളിൽ നിന്നും അകറ്റി നിർത്തി മായാവതി. പാർട്ടിയുടെ അടിത്തറയായിരുന്ന ദളിത് വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ് മായാവതിയുടെ ഇടപെടൽ.

ബിഎസ്‌പിയുടെ കഴിഞ്ഞ രണ്ട് നിർണായക യോഗങ്ങളിൽ നിന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര വിട്ട് നിന്നു. അടുത്തിടെ നടന്ന അസംഗഢ് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ താരപ്രചാരകരുടെ പട്ടികയിലും അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ല. പാർട്ടി ദേശീയ അധ്യക്ഷ മായാവതി അദ്ദേഹത്തെ മാറ്റിനിർത്തിയതായതാണ് ബിഎസ്‌പി വൃത്തങ്ങൾ പറയുന്നത്

പാർട്ടിയുടെ നിയമ പോരാട്ടങ്ങളിലും അതിന്റെ നിയമ വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും 69 കാരനായ മിശ്രയോട് മായാവതി ആവശ്യപ്പെട്ടതായി ബിഎസ്‌പി വൃത്തങ്ങൾ അറിയിച്ചു. ബിഎസ്‌പിയുടെ ബ്രാഹ്‌മണ മുഖമായ മിശ്ര നേരത്തെ പാർട്ടിയുടെ നിയമപരമായ വിഭാഗം കൈകാര്യം ചെയ്യുന്നതിനൊപ്പം പാർട്ടിയുടെ സംഘടനാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും പ്രധാനിയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി - മാർച്ചിൽ നടന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങിയതിന് ശേഷം സംസ്ഥാന ഭാരവാഹികളെ വിളിച്ചു ചേർത്ത് മൂന്ന് യോഗങ്ങളാണ് ലഖ്‌നൗവിൽ വെച്ച് നടത്തിയത്.മാർച്ച് 27 ന് നടന്ന ആദ്യ യോഗത്തിൽ മിശ്ര പങ്കെടുത്തിരുന്നെങ്കിലും മെയ് 29 നും ജൂൺ 30 നും നടന്ന മറ്റ് രണ്ട് യോഗങ്ങളിലും മിശ്ര പങ്കെടുത്തിരുന്നില്ല.

ഇതിനെ സംബന്ധിച്ചുള്ള ചോദ്യത്തിൽ മിശ്ര ആരോഗ്യ കാരണങ്ങളാൽ വിട്ടു നിൽക്കുന്നതാണെന്നാണ് ഒരു വിഭാഗം നേതോക്കൾ പറഞ്ഞത്. എന്നാൽ മിശ്രയോട് സംഘടനാ യോഗങ്ങൾ നടത്തരുതെന്ന് മായാവതി ആവശ്യപ്പെട്ടതായും അദ്ദേഹത്തെ രാഷ്ട്രീയ കാര്യങ്ങളിൽ മാറ്റി നിർത്തിയതായും മുതിർന്ന ബിഎസ്‌പി നേതാവ് 'ദി ഇന്ത്യൻ എക്സ്പ്രസിനോട്' പറഞ്ഞു.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് ശേഷം പാർട്ടിയുടെ പ്രചാരണം നയിച്ച മിശ്രയോട് മായാവതി അകൽച്ച പാലിക്കുകയാണ്. തെരഞ്ഞെടുപ്പിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനായി മിശ്ര സംസ്ഥാനത്തുടനീളം ബ്രാഹ്‌മണ ദളിത് സാഹോദര്യം ഉയർത്തികാണിച്ച് യോഗങ്ങൾ സംടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിനിടെ 55 പൊതുയോഗങ്ങളിൽ അദ്ദേഹം പ്രസംഗിച്ചിരുന്നു.

യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായി, സ്ത്രീകൾക്കും യുവാക്കൾക്കുമായി ഒരു ജനസമ്പർക്ക പരിപാടി ആരംഭിക്കാൻ മിശ്രയുടെ ഭാര്യ കൽപ്പനയോടും മകൻ കപിലിനോടും ആവശ്യപ്പെട്ടു.എന്നാൽ പാർട്ടിയിലെ വിവിധ വിഭാഗം നേതാക്കളും അണികളും പ്രത്യേകിച്ച് ദളിത് വിഭാഗത്തിൽപ്പെട്ടവരും മിശ്രയുടെ സംഘടനാ രീതികളുമായി അസൗകര്യമുള്ളതായാണ് ബിഎസ്‌പി നേതൃത്വത്തിന് ലഭിച്ച വിവരം. മിശ്രയുടെ ചിറകുകൾ വെട്ടി മാറ്റി ,തന്റെ പാർട്ടിയുടെ അടിസ്ഥാന അടിത്തറയായ ദളിതർക്ക് ബിഎസ്‌പി തങ്ങളുടെ പാർട്ടിയാണെന്നും അതിന്റെ ഏക നേതാവായി താൻ തുടരുമെന്നും ഉറപ്പുനൽകാൻ മായാവതി ശ്രമിച്ചെന്നും ഒരു നേതാവ് പറഞ്ഞു.

ഏപ്രിലിൽ, മുൻ മന്ത്രിയും അദ്ദേഹത്തിന്റെ വിശ്വസ്തനുമായ നകുൽ ദുബെയെ അച്ചടക്ക ലംഘനം, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവ ചൂണ്ടിക്കാട്ടി പാർട്ടിയിൽ പുറത്താക്കിയതാണ് മിശ്ര നേരിട്ട ആദ്യ തിരിച്ചടി. 2007 ൽ യുപിയിൽ കേവല ഭൂരിപക്ഷത്തോടെ പാർട്ടിയെ അധികാരത്തിൽ എത്തിച്ച ദളിത് ബ്രാഹ്‌മണ സോഷ്യൽ എഞ്ചിനീയറിംഗിന്റെ ശിൽപിയായാണ് മിശ്രയെ ബിഎസ്‌പിയിൽ എപ്പോഴും കണക്കാക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ നിരവധി മുതിർന്ന നേതാക്കൾ ബിഎസ്‌പി വിടുകയോ അല്ലെങ്കിൽ പാർട്ടി പുറത്താക്കുകയോ ചെയ്‌തെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.