ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ (48) വിവാഹിതനായി. ഡോ. ഗുർപ്രീത് കൗർ (32) ആണ് വധു. ചണ്ഡിഗഢിലെ മന്നിന്റെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആം ആദ്മി പാർട്ടി (എഎപി) തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ, എഎപി എംപി രാഘവ് ഛദ്ദ തുടങ്ങിയവർ പങ്കെടുത്തു. വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ രാഘവ് ഛദ്ദ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ഭഗവത് മന്നിന് ഏറെ നാളായി പരിചയമുള്ള ഗുർപ്രീത് കൗർ പഞ്ചാബിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ളയാളാണ്. എഎപി നേതാവ് രാഘവ് ഛദ്ദയ്ക്കായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങളുടെ ചുമതല. 'അദ്ദേഹം വീണ്ടും വിവാഹം കഴിച്ച് കുടുംബമായി താമസിക്കണമെന്നായിരുന്നു അമ്മയുടെ സ്വപ്നം. ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ദൈവം ദമ്പതികളെ അനുഗ്രഹിക്കട്ടെ,' വിവാഹത്തിന് ശേഷം രാഘവ് ഛദ്ദ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഹരിയാനയിലെ പെഹോവ സ്വദേശിനിയാണ് ഗുർപ്രീത് കൗർ. ഗുർപ്രീതിന്റെയും ഭഗവന്ത് മാനിന്റെയും കുടുംബങ്ങൾ തമ്മിൽ ദീർഘനാളായി സൗഹൃദമുണ്ട്. കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുർപ്രീത് കൗർ, ഭഗവന്ത് മാനെ സഹായിച്ചിരുന്നെന്ന് റിപ്പോർട്ടുണ്ട്.

കരാഹി പനീർ, തന്തൂരി കുൽച്ചെ, ദാൽ മഖാനി, നവരതൻ ബിരിയാണി എന്നിവയുൾപ്പെടെ ഇന്ത്യൻ, ഇറ്റാലിയൻ വിഭവങ്ങൾ വിവാഹ മെനുവിൽ ഉൾപ്പെടുന്നുവെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. വിവാഹത്തിന് മുന്നോടിയായി ചണ്ഡീഗഡിലെ മാനിന്റെ വസതിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

മാനിന്റെ രണ്ടാം വിവാഹമാണിത്. ആദ്യഭാര്യ ഇന്ദർപ്രീത് കൗറും 2 മക്കളും യുഎസിൽ സ്ഥിരതാമസമാണ്. ഇരുവരും വിവാഹമോചിതരായിട്ട് 6 വർഷമായി. മാർച്ചിൽ മാൻ പഞ്ചാബ് മുഖ്യമന്ത്രിയായി നിയോഗിക്കപ്പെടുമ്പോൾ മക്കൾ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. പദവിയിലിരിക്കെ വിവാഹിതനാകുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് ഭഗവന്ത് മാൻ.