ന്യൂഡൽഹി: ജപ്പാന്റെ മുൻപ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തിൽ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളിൽ ഒരാളായ ഷിൻസോ ആബെയുടെ ദാരുണ മരണത്തിൽ വാക്കുകളാൽ വിവരിക്കാനാവാത്തവണ്ണം ദുഃഖവും ഞെട്ടലുമുണ്ട്. ആഗോളതലത്തിൽത്തന്നെ മികച്ച ഭരണാധികാരിയും പ്രമുഖനേതാവും അസാമാന്യനായ ഭരണകർത്താവുമായിരുന്നു. ജപ്പാനെയും ലോകത്തെയും മികച്ചയിടമാക്കാൻ അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു, മോദി ട്വീറ്റ് ചെയ്തു.

ആബേയുടെ മരണത്തിൽ അതീവ ദുഃഖം. മികച്ച രാജ്യതന്ത്രജ്ഞനും ഭരണകർത്താവുമായിരുന്നു ആബേ. ലോകത്തെ മികച്ചൊരിടമാക്കാൻ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ആളായിരുന്നു ആബേയെന്നും മോദി ട്വീറ്റ് ചെയ്തു. നാളെ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആബെയുമായുള്ള സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നും മോദി ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേയാണ് ആബെയുമായുള്ള ബന്ധം ആരംഭിക്കുന്നതെന്നും താൻ പ്രധാനമന്ത്രിസ്ഥാനത്തെത്തിയ ശേഷവും ബന്ധം തുടർന്നെന്നും മോദി പറഞ്ഞു. ജപ്പാനിലേക്ക് ഈയടുത്ത് നടത്തിയ സന്ദർശനത്തിലും ആബെയുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങൾ ചർച്ചചെയ്യുകയും ചെയ്തെന്നും മോദി പറഞ്ഞു.

ആബെ രസികനും ദീർഘവീക്ഷണമുള്ളയാളുമായിരുന്നെന്നും മോദി അനുസ്മരിച്ചു. ആബെയുടെ കുടുംബാംഗങ്ങളെയും ജപ്പാനിലെ ജനങ്ങളെയും ഹൃദയംഗമമമായ അനുശോചനം അറിയിക്കുന്നതായും മോദി ട്വീറ്റിൽ വ്യക്തമാക്കി. ആബെയോടുള്ള ഇന്ത്യയുടെ ആദരസൂചകമായി ജൂലൈ ഒൻപതിന് ദേശീയ ദുഃഖാചരണമായിരിക്കുമെന്നും മോദി അറിയിച്ചു.

നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ച് കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി നാടൻ തോക്കുകൊണ്ട് ആബേയെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച ഷിൻസോ ആബേയുടെ മരണം ഏഴ് മണിക്കൂറിന് ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വെടിവെച്ച നാൽപ്പതുകാരനായ അക്രമി പിടിയിലായി. കൊലപാതക കാരണം വ്യക്തമല്ല.

നാവിക സേന മുൻ അംഗം യാമാഗാമി തെത്സൂയയാണ് ഷിൻസോ ആബേയെ വെടിവെച്ചത്. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ യാമാഗാമി തെത്സൂയ പൊലീസ് കസ്റ്റഡിയിലാണ്. ആക്രമണശേഷവും സംഭവസ്ഥലത്ത് ഇയാൾ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തെ തുടർന്ന് ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ജാപ്പനീസ് പ്രധാനമന്ത്രി ടോക്കിയോയിലേക്ക് തിരിച്ചു.