ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിൽ പാൻഡമിക്ക് മൂന്നാമത് സമ്മർ സീസണിലേക്ക് പ്രവേശിച്ചതോടെ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ അലയടികൾ ആരംഭിച്ചു. ഓമിക്രോൺ വേരിയന്റിന്റെ വ്യാപനം ശക്തിപ്പെട്ടതോടെ പോസിറ്റിവിറ്റി റേറ്റ് കുത്തനെ ഉയർന്നു. 27 മാസമായി ആരംഭിച്ച കോവിഡ് അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോളാണ് മൂന്നാം തരംഗത്തിന്റെ പ്രവേശം.

ന്യൂയോർക്ക് സിറ്റിയിൽ ബുധനാഴ്ച (ഇന്ന്) സ്റ്റാറ്റൻ ഐലന്റ്, സതേൺ ബ്രൂക്ക്‌ളിൻ, ക്യൂൻസ്, അപ്പർ മൻഹാട്ടൻ, ഈസ്റ്റേൺ ബ്രോൺസ് തുടങ്ങിയ സ്ഥലങ്ങളിൽ പാൻഡമിക്ക് പോസിറ്റിവിറ്റി 14 ശതമാനത്തിലധികമായതായി സിറ്റി ഡാറ്റാ ചൂണ്ടികാണിക്കുന്നു.

മരണസംഖ്യ താരതമേന്യ വാക്‌സിനേഷൻ സ്വീകരിച്ചതിനാൽ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഏറ്റവും അപകടകാരിയായ ബിഎ5 സബ് വേരിയന്റിന്റെ വ്യാപനം ആശുപത്രി പ്രവേശനങ്ങൾ വർദ്ധിച്ചിരിക്കുന്നു.

ന്യൂയോർക്കിലെ ജനങ്ങൾക്ക് മറ്റൊരു ഭീഷിണിയെ കൂടി നേരിടേണ്ടി വന്നിരിക്കുന്നു എന്ന് മേയർ ബിൽ ഡി ബ്ലാസിയോയുടെ മുൻ ഹെൽത്ത് അഡ് വൈസർ ഡോ.ജയാവർമ്മ പറഞ്ഞു.

ജൂൺ മദ്ധ്യത്തോടെ സ്ഥിരീകരിച്ച കോവിഡ് കേസ്സുകളിൽ 33 ശതമാനവും ബിഎ5 സബ് വേരിയന്റിന്റെ പരിണിത ഫലമാണെന്നും ഡോ.ജയവർമ പറഞ്ഞു.

കോവിഡ് പരിശോധനയുടെ കുറവും, വീടുകളിൽ നടത്തുന്ന പരിശോധന ഫലത്തെകുറിച്ചുള്ള അവ്യക്തതയും ശരിയായ കോവിഡ് കേസ്സുകളുടെ എണ്ണം ലഭിക്കുന്നതിന് തടസ്സം നിൽക്കുന്നതായും ആരോഗ്യവകുപ്പു അധികൃതർ പറഞ്ഞു.