ന്യൂയോർക്ക് : അമേരിക്കയിലെ 55 ശതമാനം പേർ റൊ.വി.വേഡ് ഭരണഘടനാവകാശമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ സർവേയിൽ പങ്കെടുത്ത 72 ശതമാനം പേർ 15 ആഴ്ചയിൽ കുറവുള്ള ഗർഭസ്ഥശിശുക്കളെപോലും നശിപ്പിക്കരുതെന്ന് അഭിപ്രായപ്പെട്ടതായി ഈയ്യിടെ പ്രസിദ്ധീകരിച്ച സർവേയിൽ ചൂണ്ടികാണിക്കുന്നു.

ജൂൺ 28, 29 തിയ്യതികളിൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ അമേരിക്കൻ പൊളിറ്റിക്കൽ സ്റ്റഡീസ് രജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിൽ നടത്തിയ സർവേയിലാണ് ഈ വിവരങ്ങൾ ഉൾകൊള്ളുന്നത്. റോ.വി.വേഡിനെ കുറിച്ചു സുപ്രീം കോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുണ്ടോ, സംസ്ഥാനങ്ങൾക്ക് ഗർഭഛിദ്രത്തിനുള്ള അവകാശം എത്ര ആഴ്ച പ്രായ കുട്ടികൾക്ക് വരെ നൽകാം. തുടങ്ങിയ ചോദ്യങ്ങൾക്കാണ് സർവേയിൽ പങ്കെടുക്കുന്നവർ മറുപടി നൽകേണ്ടിയിരുന്നത്. 69 ശതമാനം ഡമോക്രാറ്റ്‌സ്, 37 ശതമാനം റിപ്പബ്ലിക്കൻസും, 60 ശതമാനം സ്വതന്ത്രരും റൊ.വി.വേഡ് നീക്കം ചെയ്തതിനെ എതിർത്തിരുന്നു.

നവംബറിൽ നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ സുപ്രീം കോടതി ഗർഭചിദ്രത്തിനെതിരെ സ്വീകരിച്ച നിലപാട് സ്വാധീനം ചെലുത്തുമോ എന്ന ചോദ്യത്തിന് സർവ്വെയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും 'ഇല്ല' എന്നാണ് മറുപടി നൽകിയിരിക്കുന്നത്. അമേരിക്കൻ സാമ്പത്തിക സ്ഥിതിയെ കുറിച്ചു അമേരിക്കയുടെ പോക്ക് തെറ്റായദിശയിലാണെന്ന് 71 പേർ അഭിപ്രായപ്പെട്ടു. തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് സർവ്വെയിൽ പങ്കെടുത്ത 64 ശതമാനം പേർ അഭിപ്രായപ്പെട്ടു.