ഹൈദരാബാദ്: വൈഎസ്ആർ കോൺഗ്രസ് പാർട്ടി ഹോണററി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ മാതാവ് വൈഎസ് വിജയമ്മ. ഇനി മകൾ ഷർമ്മിള സ്ഥാപിച്ച വൈഎസ്ആർ തെലങ്കാന പാർട്ടിയോടൊപ്പമാണ് താനുണ്ടാവുകയെന്നും വിജയമ്മ പറഞ്ഞു. തെലങ്കാന കേന്ദ്രീകരിച്ചാണ് ഷർമ്മിളയുടെ പാർട്ടി പ്രവർത്തിക്കുന്നത്.

ജഗനോട് അടുപ്പം പുലർത്തും. എന്നാൽ രാഷ്ട്രീയമായ പിന്തുണ ഷർമ്മിളയുടെ പാർട്ടിക്കായിരിക്കുമെന്നും വിജയമ്മ പറഞ്ഞു. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിലായിരുന്നു വിജയമ്മയുടെ പ്രഖ്യാപനം.

'ഷർമ്മിള തന്റെ പിതാവിന്റെ ആശയങ്ങളുമായി തെലങ്കാനയിൽ ഒറ്റക്കൊരു പോരാട്ടമാണ് നടത്തുന്നത്. എനിക്കവളെ പിന്തുണക്കേണ്ടതുണ്ട്. രണ്ട് പാർട്ടികളിലായെങ്ങനെ പ്രവർത്തിക്കുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ. വൈഎസ്ആർ കോൺഗ്രസിന്റെ ഹോണററി അദ്ധ്യക്ഷയായി തുടരുന്നത് ബുദ്ധിമുട്ടാണ്', വിജയമ്മ പറഞ്ഞു.

'ഇത്തരമൊരു അവസ്ഥ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടേ ഇല്ലായിരുന്നു. ഇങ്ങനെ എന്തുകൊണ്ട് സംഭവിച്ചെന്ന് എനിക്കറിയില്ല. പക്ഷെ എനിക്ക് തോന്നുന്നത് ദൈവത്തിന്റെ തീരുമാനമാണെന്നാണ്', വിജയമ്മ പറഞ്ഞു.

തന്റെ സ്ഥാനത്തെ ചൊല്ലി വിവാദമൊന്നും ഉണ്ടാകാതിരിക്കാനാണ് രാജിവെക്കുന്നതെന്നും വിജയമ്മ പറഞ്ഞു. ജഗൻ മോഹനും സഹോദരിയും സ്വത്തുക്കളെ ചൊല്ലി തർക്കത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.