- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഭീകരവാദിയേപ്പോലെയാണ് കമൽനാഥിന്റെ പെരുമാറ്റം; ഭീഷണിയാണ് അദ്ദേഹത്തിന്റ മുഖ്യ ആയുധം'; വിമർശനവുമായി ചൗഹാൻ; വിവാദ പരാമർശത്തിൽ പരാതി നൽകി കോൺഗ്രസ്
ഭോപ്പാൽ: മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ കമൽനാഥിനെ 'ഭീകരവാദി'യെന്നു പരാമർശിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വിവാദക്കുരുക്കിൽ. ചൗഹാനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ കോൺഗ്രസ് നേതൃത്വം പരാതി നൽകി. കോൺഗ്രസ് നേതാവ് സംഗീത ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ്, ചൗഹാനെതിരെ ശ്യാംല ഹിൽസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
മധ്യപ്രദേശിലെ സിദ്ധിയിൽ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണ യോഗത്തിലാണ് കമൽനാഥിനെതിരെ കടുത്ത വിമർശനവുമായി ശിവരാജ് സിങ് ചൗഹാൻ രംഗത്തെത്തിയത്. പൊലീസും സർക്കാർ ഉദ്യോഗസ്ഥരും ഭരണകക്ഷിക്ക് അനുകൂലമായി നിലപാടെടുക്കുന്നതിനെ കമൽനാഥ് വിമർശിച്ചിരുന്നു. ഇതിനോടു പ്രതികരിക്കുമ്പോഴായിരുന്നു ചൗഹാന്റെ വിവാദ പരാമർശം.
''അടുത്തിടെയായി ഭീകരവാദിയേപ്പോലെയാണ് കമൽനാഥിന്റെ പെരുമാറ്റം. ഭീഷണിയാണ് അദ്ദേഹത്തിന്റ മുഖ്യ ആയുധം. ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പകരം വീട്ടുമെന്ന് പറഞ്ഞ് ഇന്നലെയും അദ്ദേഹം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി' ചൗഹാൻ പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന കാലത്തും കമൽനാഥ് ഉദ്യോഗസ്ഥരെയും സർക്കാർ ജീവനക്കാരെയും ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപിച്ച ചൗഹാൻ, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിയിട്ടും അദ്ദേഹം സമാനമായ ശൈലിയാണ് തുടരുന്നതെന്ന് വിമർശിച്ചു.
''മധ്യപ്രദശിലെ ജനങ്ങൾ നിങ്ങളോട് പകരം വീട്ടിക്കഴിഞ്ഞു. ഇനി എങ്ങനെയാണ് നിങ്ങൾ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും പകരം വീട്ടുക?' ചൗഹാൻ ചോദിച്ചു. കമൽനാഥിനെ പേരെടുത്തു വിമർശിക്കുന്നതിനു മുൻപ് കോൺഗ്രസിനെയും ചൗഹാൻ തീവ്രവാദ പ്രസ്ഥാനമായി വിശേഷിപ്പിച്ചിരുന്നു.
''കോൺഗ്രസിന് എന്താണ് സംഭവിച്ചിരിക്കുന്നതെന്നു നോക്കൂ. കോൺഗ്രസും ഭീകരവാദവും തമ്മിൽ നേരിട്ടു ബന്ധമുണ്ട്. നമ്മുടെ രാജ്യത്ത് തീവ്രവാദം വളരാൻ കാരണം കോൺഗ്രസാണെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. കോൺഗ്രസും ഭീകരവാദവും പരസ്പര പൂരകങ്ങളാണ്' ചൗഹാൻ പരിഹസിച്ചു.




