- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മഹാരാഷ്ട്രയിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തു; ജനപിന്തുണ ആർക്കെന്ന് തെളിയിക്കാം'; വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്രയിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തിയാൽ ജനപിന്തുണ ആർക്കെന്ന് തെളിയിക്കാമെന്ന് വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ. അമ്പും വില്ലും ചിഹ്നം ആർക്കും വിട്ട് കൊടുക്കില്ലെന്നും ജനപിന്തുണ ആർക്കെന്ന് തെളിയിക്കാമെന്നും വാർത്താ സമ്മേളനത്തിൽ ഉദ്ദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എംപിമാരും എംഎൽഎമാരുമെല്ലാം കൂട്ടത്തോടെ വിമത പക്ഷത്തായെങ്കിലും ജനങ്ങൾ ഒപ്പമുണ്ടെന്ന ആത്മവിശ്വാസമാണ് ഉദ്ദവ് വാർത്താസമ്മേളനത്തിൽ പ്രകടിപ്പിച്ചത്. ഒരു തെരഞ്ഞെടുപ്പ് നടത്തിയാൽ സത്യം മനസിലാക്കാം. താൻ തെറ്റ് ചെയ്‌തെങ്കിൽ ജനങ്ങൾ വിധിയെഴുതും. യഥാർഥ ശിവസേന ആരെന്ന തർക്കം നിയമവഴി നീങ്ങുകയാണെങ്കിലും ചിഹ്നം മറ്റാർക്കും വിട്ട് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പുതിയ ചിഹ്നം കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണമെന്ന ആലോചന സേനയിൽ തുടങ്ങിയതായാണ് ലഭിക്കുന്ന വിവരം. ഷിൻഡേ വിഭാഗത്തിന് ചിഹ്നം അനുവദിക്കുകയോ, ചിഹ്നം മരവിപ്പിച്ച് നിർത്തുകയോ ചെയ്താൽ മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലടക്കം പുതിയ ചിഹ്നത്തിൽ മത്സരിക്കേണ്ടിവരും. മുംബൈയ്‌ക്കൊപ്പം ഷിൻഡേയുടെ തട്ടകമായ താനെയിലും കോർപ്പറേഷൻ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
താനെയിൽ പാർട്ടിയെ രക്ഷിക്കാനുള്ള ദൗത്യം മുതിർന്ന നേതാവും എംപിയുമായ രാജൻ വിചാരെയെ ഏൽപിക്കും. താനെയിലെ സേനയുടെ മുഖമായിരുന്ന ആനന്ദ് ഡിഗെയാണ് ഷിൻഡേയെ പോലെ വിചാരെയുടെയും ഗുരു. താനെയിൽ വിമതപക്ഷത്തേക്ക് പോവാത്ത ഒരേ ഒരു ശിവസേനാ കൗൺസിലർ വിചാരെയുടെ ഭാര്യയാണ്.




