ഇസ്‌ലാമബാദ്: പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ മതപരമായ ചടങ്ങുകൾക്കു വേണ്ടി വീട്ടിൽ വാങ്ങി നിർത്തിയിരുന്ന ആട് മോഷണം പോയി. ലഹോറിലെ സ്വകാര്യ ഹൗസിങ് സൊസൈറ്റിയിലെ വീട്ടിൽനിന്നാണ് വിലയേറിയ ആടിനെ മോഷ്ടാക്കൾ തട്ടിയെടുത്തത്.

ആറ് ആടുകളെയാണ് ബലി നൽകാൻ അക്മൽ കുടുംബം കഴിഞ്ഞ ദിവസം വാങ്ങിയത്. രാത്രി ആടുകളെ വീടിനു പുറത്തുകെട്ടിയിട്ടിരിക്കുകയായിരുന്നു.ആടുകളെ നോക്കാൻ തൊഴിലാളി ഉണ്ടായിരുന്നെങ്കിലും ഇയാൾ ഉറങ്ങിയ തക്കത്തിന് മോഷ്ടാക്കൾ ആടിനെ തട്ടിയെടുക്കുകയായിരുന്നെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

90,000 രൂപയോളമാണ് മോഷ്ടിച്ച ആടിന്റെ വിലയെന്ന് കമ്രാൻ അക്മലിന്റെ പിതാവ് പ്രതികരിച്ചു. ഹൗസിങ് സൊസൈറ്റിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ മോഷ്ടാക്കളെ പിടികൂടിയതായും ആടിനെ തിരികെ ലഭിച്ചെന്നും അക്മലിന്റെ കുടുംബം അറിയിച്ചു.

പാക്കിസ്ഥാനു വേണ്ടി 53 ടെസ്റ്റ്, 157 ഏകദിനം, 58 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് കമ്രാൻ അക്മൽ. ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റ് ലീഗുകളിലാണു താരം കളിക്കുന്നത്. 2002ലാണ് പാക്കിസ്ഥാൻ ദേശീയ ടീമിനായി വിക്കറ്റ് കീപ്പർ ബാറ്റർ അരങ്ങേറിയത്. കമ്രാന്റെ സഹോദരൻ ഉമർ അക്മലും പാക്കിസ്ഥാനായി കളിച്ചിട്ടുണ്ട്.