ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് ലോകം. ആകസ്മിക നിര്യാണത്തിൽ ലോകനേതാക്കൾ ഒന്നാകെ അനുശോചനവുമായി എത്തുമ്പോൾ ചൈനയിലെ ഒരു വിഭാഗം ജനങ്ങൾ ആബെയുടെ മരണം 'ആഘോഷിക്കുന്ന'തായി റിപ്പോർട്ട്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആബെയ്ക്ക് വെടിയേറ്റത് ആഘോഷിച്ച ചൈനക്കാർ, വെടിയുതിർത്ത അക്രമിയെ 'ഹീറോ' എന്നു വാഴ്‌ത്തിയതായും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പശ്ചിമ ജപ്പാനിലെ നരാ നഗരത്തിൽവച്ച് പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് ആബെയ്ക്ക് വെടിയേറ്റത്. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ ചൈനയിലെ സമൂഹമാധ്യമമായ വെയ്‌ബോയിൽ ഒരു വിഭാഗം ആളുകൾ സന്തോഷം പങ്കുവച്ച് സന്ദേശങ്ങൾ പങ്കുവച്ചുവെന്നാണ് റിപ്പോർട്ട്. ആബെയ്ക്ക് മരണം ആശംസിച്ചവരുമുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.ആക്രമണകാരിയെ 'ഹീറോ' എന്ന് വിശേഷിപ്പിച്ചും പോസ്റ്റുകൾ ഏറെയുണ്ടെന്നാണ് റിപ്പോർട്ട്.

ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനീസ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റും ആർട്ടിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ ബദിയുകാവോയുടെ ട്വിറ്റർ പേജിൽ ഇത്തരം സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജപ്പാനിൽ ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരുന്ന ആബെയ്‌ക്കെതിരായ അക്രമം ആഘോഷിക്കുന്ന പോസ്റ്റുകളാണിത്.

ചൈനയിലെ ഒരു വിഭാഗം സാമൂഹികമാധ്യമ ഉപയോക്താക്കൾ, ആബെയ്ക്കു നേർക്ക് ആക്രമണം ഉണ്ടായ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചൈനാ-ജപ്പാൻ യുദ്ധങ്ങൾ, കിഴക്കൻ ചൈനാ കടലുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടങ്ങിയവയാണ് ചൈനയും ജപ്പാനും തമ്മിലുള്ള വൈരത്തിന്റെ പ്രധാനകാരണങ്ങൾ. ഇന്ത്യയോടും തായ്വാനോടും അടുപ്പം സൂക്ഷിച്ചിരുന്ന ഷിൻസോ ആബെ, ചൈനയിൽ അത്ര പ്രിയങ്കരനുമായിരുന്നില്ല.

ആബെയുടെ മരണത്തിനായി സമൂഹമാധ്യമത്തിലൂടെ വ്യാപക പ്രചാരണം തന്നെ നടന്നുവെന്ന് സൂചന നൽകുന്നതാണ് സ്‌ക്രീൻ ഷോട്ടുകളെല്ലാം. 'ഇപ്പോഴത്തെ ജപ്പാൻ പ്രധാനമന്ത്രിക്കാണ് വെടിയേറ്റതെന്ന് കരുതുന്നു. ഇനി കൊറിയൻ പ്രധാനമന്ത്രിയുടെ ഊഴമാകട്ടെ' വിചാറ്റിൽ ഒരാൾ കുറിച്ചു.

അതിനിടെ പീപ്പിൾസ് ഡെയ്ലിയുടെ അധീനതയിലുള്ള ഇംഗ്ലിഷ് മാധ്യമമായ 'ഗ്ലോബൽ ടൈം'സിൽ, ആബെയ്ക്കെതിരായ ആക്രമണം ചൈനാവിരുദ്ധ നീക്കങ്ങൾ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ അനുയായികൾ ഉപയോഗിച്ചേക്കാമെന്ന ആശങ്കയും പങ്കുവച്ചിട്ടുണ്ട്. അതേസമയം, ചൈനയിലെ ഭരണകൂടം ആബെയ്‌ക്കെതിരായ ആക്രമണത്തിലും അദ്ദേഹത്തിന്റ മരണത്തിലും ഞെട്ടലും അനുശോചനവും അറിയിച്ചിരുന്നു.

വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചത് വെള്ളിയാഴ്ച വൈകീട്ടാണ് ജപ്പാൻ സ്ഥിരീകരിച്ചത്. വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിൻസെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ ക്ലോസ് റേഞ്ചിൽ നിന്നുള്ള വെടിയേൽക്കുകയായിരുന്നു. പിന്നിലൂടെ എത്തിയ അക്രമി നാടൻ തോക്കുകൊണ്ട് ആബെയെ വെടിവെച്ചു വീഴ്‌ത്തുകയായിരുന്നു. വെടിയുണ്ട ഹൃദയത്തിൽ തുളച്ചുകയറി. വെടിയേറ്റ് വീണ് അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വെടിയേറ്റതിനുപിന്നാലെ ആബെയ്ക്കു ഹൃദയാഘാതമുണ്ടായി.

ശ്വാസതടസ്സം, ഹൃദയത്തിന്റെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. എയർ ആംബുലൻസിൽ കയറ്റുമ്പോൾ തന്നെ ആബെയുടെ ശ്വാസം നിലച്ചിരുന്നു. വെടിയുണ്ട ഹൃദയത്തിൽനിന്നു നീക്കാൻ സാധിച്ചില്ലെന്ന് വൈദ്യസംഘം വ്യക്തമാക്കി. ഉടൻ ആശുപത്രിയിലെത്തിച്ച ഷിൻസോ ആബെയുടെ മരണം ഏഴു മണിക്കൂറിനു ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിർണായക സ്വാധീനമുള്ള വ്യക്തിത്വമായിരുന്നു. ഇന്ത്യയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സവിശേഷ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.

ആബെയെ വെടിവെച്ച നാല്പതുകാരനായ അക്രമി പിടിയിലായിട്ടുണ്ട്.കൊലപാതകത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. കൊലയാളി മുൻ ജപ്പാൻ നാവികസേനാംഗം ആണെന്നാണ് വിവരം.