ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കാർ നദിയിലേക്ക് വീണ് ഒമ്പത് പേർ മരിച്ചതായി സ്ഥിരീകരണം. രാംനഗർ പ്രദേശത്ത് പുലർച്ചെ 5.45 ഓടെയായിരുന്നു അപകടം. പതിനൊന്ന് പേർ സഞ്ചരിച്ച എർട്ടിഗ കാർ കരകവിഞ്ഞൊഴുകുന്ന ഠേലാ നദിയിലേക്ക് പതിച്ചായിരുന്നു അപകടം. രണ്ട് പേരെ രക്ഷപ്പെടുത്തി.

പഞ്ചാബിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു കാറിലുണ്ടായിരുന്നത്. ഠേലയിലെ റിസോർട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ദേശീയ ഉദ്യാനമായ കോർബറ്റിലേക്കുള്ള യാത്രയിലായിരുന്നു ഇവരെന്നാണ് കരുതുന്നത്. നദി കരകവിഞ്ഞൊഴുകുന്നത് അറിയാതെയായിരുന്നു ഇവരുടെ യാത്ര. പ്രദേശവാസികൾ കാർ തടയാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽ പെടുകയായിരുന്നു. രക്ഷപ്പെടുത്തിയവരിൽ 22 കാരിയെ തുടർചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

ഈ ഭാഗത്ത് നേരത്തെയും സമാനരീതിയിലുള്ള അപകടങ്ങൾ നടന്നിട്ടുണ്ട്. നദിക്ക് കുറുകെ പാലം നിർമ്മിക്കണമെന്ന ആവശ്യം തദ്ദേശഭരണകൂടം പരിഗണിച്ചു വരികയായിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ചവർക്കായി പ്രാർത്ഥിക്കുന്നതായും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.